അഞ്ജുശ്രീയുടെ മരണം ഭക്ഷ്യ വിഷബാധയല്ലെന്ന്

Sunday 08 January 2023 10:52 PM IST

കാസർകോട്: കോളേജ് വിദ്യാർത്ഥിനി കാസർകോട് ചെമ്മനാട് തലക്ലായി ബേനൂരിൽ അംബികയുടെ മകൾ അഞ്ജുശ്രീ (19) മരിച്ചത് ഹോട്ടൽ ഭക്ഷണത്തിൽ നിന്നുണ്ടായ ഭക്ഷ്യ വിഷബാധമൂലമല്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ഫോറൻസിക് സർജനിൽ നിന്ന് മേൽപ്പറമ്പ എസ്.ഐ വിജയൻ മൊഴി എടുത്തപ്പോഴാണ് റിപ്പോർട്ടിലെ പ്രാഥമിക വിവരം പങ്കുവച്ചത്. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.

വിഷം അകത്തുചെന്ന് അഞ്ജലിയുടെ കരളിനും മറ്റു ചില അന്തരികാവയവങ്ങൾക്കും തകരാർ സംഭവിച്ചിരുന്നു എന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. റിപ്പോർട്ട് കിട്ടിയാൽ മാത്രമേ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. ഏത് വിഷമാണ് ഉള്ളിൽ ചെന്നത് എന്നറിയാൻ വിശദമായ പരിശോധന വേണമെന്നാണ് ഫോറൻസിക് സർജന്റെ മൊഴി.