കെ.എൻ.എമ്മിനെതിരെ വീണ്ടും വിമർശനവുമായി സമസ്ത

Monday 09 January 2023 12:53 AM IST

കോഴിക്കോട്: കെ.എൻ.എമ്മിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സമസ്ത. ബീച്ചിൽ നടന്ന സമസ്ത ആദർശ സമ്മേളനത്തിലാണ് കെ.എൻ.എമ്മിനെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വിമർശിച്ചത്.

മാന്യമായി സമ്മേളനം നടത്താൻ അറിയില്ലെങ്കിൽ സമസ്തയെ പരിഹസിച്ചിട്ട് എന്താണ് ഫലം. പരിപാടി വിജയിക്കാത്തതിന് സമസ്തയോട് കുതിര കയറേണ്ട. ഒപ്പം ആളുണ്ടെങ്കിലേ സംഘടന വലുതാവുകയുള്ളൂ. സമസ്തയ്ക്ക് മുജാഹിദ് പ്രസ്ഥാനത്തോട് ആശയപരമായ ശത്രുതയാണുള്ളത്. അല്ലാതെ ആരോടും വിരോധമില്ല. സമസ്തയെ തളർത്താൻ ആര് ശ്രമിച്ചാലും നടക്കില്ല. ചങ്കൂറ്റമുള്ളവർ സമസ്തയിലുണ്ടെന്ന കാര്യം ഓർക്കണം. മതവിധികൾ മനുഷ്യ യുക്തി ഉപയോഗിച്ചല്ല കണ്ടെത്തേണ്ടത്. ഇസ്ലാമിന്റെ തനിമ നിലനിറുത്തുകയാണ് സമസ്ത ഇക്കാലം വരെ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അദ്ധ്യക്ഷനായി. അബ്ബാസലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണവും, എം.ടി അബ്ദുല്ല മുസ്ലിയാർ മുഖ്യപ്രഭാഷണവും നിർവഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എ.വി അബ്ദുറഹിമാൻ മുസ്ലിയാർ സ്വാഗതവും, സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി നന്ദിയും പറഞ്ഞു.