ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്, പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാൻ ജാഗ്രത

Monday 09 January 2023 12:06 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രോഗം മനുഷ്യരിലേക്ക് പകരാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.

രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനി, മറ്റ് രോഗലക്ഷണങ്ങൾ എന്നിവയെ കുറിച്ച് പ്രത്യേകം നിരീക്ഷണം ആരംഭിച്ചു. ഈ പ്രദേശങ്ങളിലുള്ളവർക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാൽ ഡോക്ടറുടെ സേവനം തേടണം.

പക്ഷികൾ ചാവുകയോ രോഗബാധിതരാവുകയോ ചെയ്താൽ ഉടൻ മൃഗസംരക്ഷണ വകുപ്പിനെയോ തദ്ദേശസ്ഥാപനങ്ങളെയോ അറിയിക്കണമെന്നും രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്നവർ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ട് പ്രതിരോധ ഗുളിക കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

പക്ഷിപ്പനി ലക്ഷണങ്ങൾ

. ശക്തമായ ശരീര വേദന

. പനി,ചുമ, ജലദോഷം

. ശ്വാസ തടസ്സം

. രക്തം കലർന്ന കഫം

മുൻകരുതൽ

രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവർ കൈയുറ, മാസ്ക് എന്നിവ ധരിക്കുകയും അതതു സമയങ്ങളിൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം. ഇറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് മാത്രം കഴിക്കുക.

പക്ഷിപ്പനി

പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് പകരുന്ന വൈറസ് രോഗം. കോഴി,താറാവ് തുടങ്ങി എല്ലാ പക്ഷികളെയും രോഗം ബാധിക്കാം. അപൂർവമായി ചില ഘട്ടങ്ങളിൽ മനുഷ്യരിലേക്ക് പകരാൻ കഴിയും വിധം വൈറസിന് രൂപഭേദം സംഭവിക്കാം.

'കേരളത്തിൽ ഈ രോഗം മനുഷ്യരെ ബാധിച്ചതായി റിപ്പോർട്ടുകളില്ലെങ്കിലും ജാഗ്രത വേണം."

-വീണാ ജോർജ്

ആരോഗ്യമന്ത്രി