തിരുവല്ല ബൈപ്പാസിൽ വീണ്ടും അപകടം, ഇന്നലെ കാറുകൾ കൂട്ടിയിടിച്ചു

Monday 09 January 2023 12:10 AM IST

തിരുവല്ല : തിരുവല്ല ബൈപ്പാസിലെ വാഹനാപകടത്തിന് അറുതിയില്ല. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബൈപ്പാസിലെ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ ഇന്നലെ രാവിലെ ഏഴിനാണ് അപകടം. പത്തനംതിട്ട ഭാഗത്തുനിന്ന് വന്ന മലയാലപ്പുഴ ദേവീക്ഷേത്ര ജീവനക്കാരനും മങ്കൊമ്പ് സ്വദേശിയുമായ ഗിരീഷിന്റെ കാറും കാവുംഭാഗം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാവുംഭാഗം സ്വദേശികളായ മൂന്നംഗസംഘം സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിഞ്ഞു. അപകടം കണ്ട് ഓടി കൂടിയ സമീപവാസികൾ ചേർന്ന് നിസാര പരിക്കേറ്റ മൂവരെയും പുറത്തെടുക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ തിരുവല്ല പൊലീസ് എത്തി സംഭവ സ്ഥലത്തുനിന്ന് നീക്കി. ഒരാഴ്ചയ്ക്കിടെ നടക്കുന്ന നാലാമത്തെ വാഹന അപകടമാണിത്. പുതുവർഷപ്പുലരിയിൽ രണ്ട് യുവാക്കൾ ഇവിടെ അപകടത്തിൽ മരണപ്പെട്ടു.