നാഗർകോവിൽ- കോട്ടയം എക്സ്പ്രസ് സമയം മാറ്രണം: ഫ്രണ്ട്സ് ഓൺ റെയിൽസ്

Monday 09 January 2023 12:12 AM IST

തിരുവനന്തപുരം: ഉച്ച കഴിഞ്ഞ് തിരുവനന്തപുരം സെൻട്രലിൽ നിന്നും പുറപ്പെടുന്ന നാഗർകോവിൽ- കോട്ടയം എക്സ്പ്രസ് ട്രെയിൻ 3മണിക്ക് ശേഷമാക്കണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു.2.35ന് പുറപ്പെടുന്ന നാഗർകോവിൽ-കോട്ടയം എക്സ്പ്രസ്, 2.50ന് പുറപ്പെടുന്ന ജനശതാബ്ദിക്കും 3ന് പുറപ്പെടുന്ന ചെന്നൈ മെയിലിനുമായി കൊച്ചുവേളിയിലും മറ്റും പിടിച്ചിടുന്നതിനാൽ ദീർഘദൂര യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവുന്നുണ്ട്.കോട്ടയം എക്സ്പ്രസിന് തിരു. സെൻട്രലിൽ നിന്നും കൊല്ലം സ്റ്റേഷനിലേയ്ക്ക് 2മണിക്കൂർ 40 മിനിറ്റാണ് സഞ്ചരസമയം.വൈകി പുറപ്പെട്ടാൽ ഇടയ്ക്കുള്ള പിടിച്ചിടൽ ഒഴിവാകുകയും യാത്രക്കാർക്കിത് ഉപകാരപ്പെടുകയും ചെയ്യും.

ദീർഘദൂര സർവീസുകളിൽ ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചതിനാൽ അൺ റിസേർവ്ഡ് എക്സ്പ്രസ് ട്രെയിനുകൾക്ക് ആവശ്യക്കാരേറെയാണ്.ജനുവരി 2മുതൽ കോട്ടയം എക്സ്പ്രസ് കൊല്ലത്ത് നിന്നും പുറപ്പെടുന്ന സമയം 5.20ലേയ്ക്ക് മാറ്റിയിരുന്നു.കൊല്ലം സ്റ്റേഷനെ ആശ്രയിക്കുന്നവർക്കിത് പ്രയോജനകരമായപ്പോൾ തിരു. സെൻട്രലിലെ യാത്രക്കാർക്ക് ദുരിതമായി.മൂന്നുമണിക്ക് ചെന്നൈ മെയിലിനു ശേഷം തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടാൽ കോട്ടയം വരെയുള്ളവർക്കിത് അനുഗ്രഹമാകും.തിരു. മെഡിക്കൽ കേളേജ്,ആർ.സി.സി തുടങ്ങിയ ആശുപത്രികളിൽ നിന്നും മടങ്ങുന്നവർക്കും സർക്കാർ ഓഫീസുകളിലെത്തി മടങ്ങുന്നവർക്കും സമയം മാറ്റുന്നത് ഉപകാരപ്രദമാവും.