അദ്ധ്യാപനം വെറും ജോലിയല്ല : ധോണി

Sunday 08 January 2023 11:36 PM IST

കാസർകോട്: അധ്യാപകരെയും അധ്യാപനവൃത്തിയേയും വാഴ്ത്തി ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണി. സാങ്കേതിക വിദ്യാഭ്യാസ വിദഗ്ധൻ പ്രൊഫ. കെ.കെ.അബ്ദുൽ ഗഫാറിന്റെ ആത്മകഥ 'ഞാൻ സാക്ഷി' പ്രകാശനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് അധ്യാപകരുടെ വിലമതിക്കാനാവാത്ത സേവനങ്ങളെ ധോണി വാഴ്ത്തിയത്.

ബേക്കൽ താജിൽ നടന്ന ചടങ്ങിൽ ദുബായ് ഹെൽത്ത് അതോറിറ്റി സിഇഒ ഡോ. മർവാൻ അൽ മുല്ലയ്ക്ക് ധോണി പുസ്തകത്തിന്റെ ആദ്യ കോപ്പി നൽകി. ചലച്ചിത്രതാരം ടൊവിനോ തോമസ് അടക്കമുള്ളവർ പങ്കെടുത്തു.

ആത്മമിത്രവും സംരംഭകനുമായ ഡോക്ടർ ഷാജിർ ഗഫാറിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹത്തിന്റെ പിതാവിന്റെ പുസ്തകപ്രകാശന ചടങ്ങിനായി ധോണി കാസർകോട് എത്തിയത്. ഡോക്ടർ ആണെങ്കിലും മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ആയി പ്രവർത്തിക്കുന്ന ഡോ. ഷാജിറിനെ ആദ്യം കണ്ടപ്പോഴുള്ള സംഭാഷണം പങ്കുവച്ച് ധോണി സദസിനെ ചിരിപ്പിച്ചു.

'ആദ്യം കണ്ടപ്പോൾ ഡോക്ടർ ഷാജിർ എന്നോട് പറഞ്ഞു, ഞാൻ ഒരു ഡോക്ടറാണ്, പക്ഷേ പ്രാക്ടീസ് ചെയ്യുന്നില്ലെന്ന്. എനിക്കും ഡോക്ടറേറ്റ് ഉണ്ടെന്നും ഞാനും പ്രാക്ടീസ് ചെയ്യുന്നില്ലെന്നുമായിരുന്നു എന്റെ മറുപടി. അതുകൊണ്ട് നമ്മളിരുവരും ഒരേ നിലയിലാണെന്നും ഞാൻ പറഞ്ഞു'- ധോണി ഓർമ പുതുക്കി. പ്രൊഫ. അബ്ദുൽ ഗഫാറിന്റെ ആത്മകഥ അദ്ദേഹത്തിന്റെ ജീവിതവും, വിജ്ഞാനവും, ആത്മസമർപ്പണവും വിവരിക്കുന്നതാണെന്ന് പ്രകാശന ചടങ്ങിന് ആശംസ നേർന്നുള്ള വീഡിയോ സന്ദേശത്തിൽ ബഹുമാനപ്പെട്ട സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ ശക്തി എന്തെന്ന തിരിച്ചറിവ് നൽകുന്നതാണ് ആത്മകഥയെന്നും പ്രൊഫ. അബ്ദുൽ ഗഫാറിന്റെ ജീവിതം ഏവർക്കും പ്രചോദനമാകണമെന്നും ഗവർണർ കൂട്ടിചേർത്തു. മാനവീയതയ്ക്ക് വേണ്ടി മാറ്റി വച്ച ജീവിതമായിരുന്നു പ്രൊഫ. അബ്ദുൽ ഗഫാറിന്റെതെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി സിഇഒ ഡോ. മർവാൻ അൽ മുല്ല പറഞ്ഞു. ആത്മകഥ പ്രകാശനത്തിന് മുമ്പ് പ്രൊഫ. അബ്ദുൽ ഗഫാറിന്റെ വിദ്യാർത്ഥികൾ അദ്ദേഹവുമായുള്ള ഓർമ്മകൾ പങ്കുവച്ചു. പുസ്തകത്തിന്റെ ഉള്ളടക്കം മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.എ. ഷാഫി വിവരിച്ചു. ഔദ്യോഗിക ജീവിതത്തിനിടെയുണ്ടായ അവിസ്മരണീയ അനുഭവങ്ങളാണ് പ്രൊഫ. ഗഫാർ ആത്മകഥയിൽ വിവരിക്കുന്നത്. ഇതിൽ പ്രിയ ശിഷ്യൻ രാജന്റെ തിരോധാനവും തുടർന്നുണ്ടായ സർക്കാർ, പോലീസ് ഇടപെടലുകളും വിശദമായി പ്രതിപാദിക്കുന്നുണ്ട്. സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനും കപിൽ സിബലിന്റെ മകനുമായ അഖിൽ സിബൽ, മുൻ കേന്ദ്രമന്ത്രി സലീം ഇക്ബാൽ ഷെർവാണി, ഉദുമ എംഎൽഎ സി.എച്ച്.കുഞ്ഞമ്പു, കാസർകോട് എംഎൽഎ എൻ.എ. നെല്ലിക്കുന്ന്, മംഗലാപുരം സിറ്റി സൗത്ത് എംഎൽഎ വേദവ്യാസ് കാമത്ത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പ്രൊഫ. അബ്ദുൽ ഗഫാറിന്റെ ആത്മകഥ 'ഞാൻ സാക്ഷി' ക്രിക്കറ്റ് ഇതിഹാസം എം.എസ് ധോണി പ്രകാശനം ചെയ്യുന്നു. പ്രൊഫ. ഗഫാർ, ടൊവിനോ തോമസ്, ഡോ.ഷാജിർ ഗഫാർ എന്നിവർ സമീപം

Advertisement
Advertisement