കേരളത്തിൽ ബഹുജനാടിത്തറ വിപുലമാക്കാൻ ബി.ജെ.പി

Monday 09 January 2023 12:00 AM IST

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ബി.ജെ.പിയുടെ

ബഹുജനാടിത്തറ വിപുലപ്പെടുത്താനുള്ള ശ്രമം സംസ്ഥാന കോർ കമ്മിറ്റി ശക്തമാക്കും..

സംസ്ഥാന ബി.ജെ.പി നേതൃത്വത്തിൽ അഭിപ്രായ വ്യത്യാസമില്ലെന്നും, നിലവിലെ ഭാരവാഹികളിൽ മാറ്റമുണ്ടാകില്ലെന്നുമുള്ള കേരള പ്രഭാരി പ്രകാശ് ജാവദേക്കർ എം.പിയുടെ പ്രസ്താവനയെ കോർ കമ്മിറ്റി സ്വാഗതം ചെയ്തു. പ്രധാനമന്ത്രി മോദിയുടെ ജനപ്രിയ നയങ്ങളിൽ വിറളി പൂണ്ട ഇടതു ,വലത് മുന്നണികൾ ബി.ജെ.പിയെ അപകീർത്തിപ്പെടുത്താൻ പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് അപവാദ പ്രചരണം നടത്തുകയാണ്. . സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും അനീതിക്കുമെതിരെ ജനങ്ങളെ സംഘടിപ്പിച്ച് അനേകം ജനകീയ സമരങ്ങൾ ബി.ജെ.പി നടത്തിയിട്ടുണ്ട്.

കേരളത്തിലെ എല്ലാവർക്കും പ്രധാനമന്ത്രി മോദി ഇടപെട്ട് സൗജന്യ കൊവിഡ് പ്രതിരോധ കുത്തിവയ്പ്

ഉറപ്പാക്കി.. കഴിഞ്ഞ 28 മാസക്കാലം 1.5 കോടി ജനങ്ങൾക്ക് 140 കിലോ സൗജന്യ അരി നൽകി. കിസാൻ സമ്മാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 37 ലക്ഷം കർഷകർക്ക് 24,000 രൂപ വീതം നൽകി. സംസ്ഥാനത്തെ 52 ലക്ഷം പേർക്ക് പി.എം മുദ്ര പദ്ധതി വഴി വായ്പ നൽകി.അത് വഴി 25 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

56 ലക്ഷം ജൻ ധൻ അക്കൗണ്ടുകളാണ് കേരളത്തിൽ ഇതുവരെ ആരംഭിച്ചത്. അവർക്ക് സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും നേരിട്ട് ലഭിക്കുന്നുണ്ട്. ഉജ്വല സ്‌കീമിൽ ഉൾപ്പെടുത്തി 3.4 ലക്ഷം വനിതകൾക്ക് സൗജന്യ ഗ്യാസ് കണക്ഷനും സിലിണ്ടർ ഒന്നിന് 200 രൂപ സബ്സിഡിയും നൽകി. അഴിമതി, മദ്യം, മയക്കുമരുന്ന്, കള്ളക്കടത്ത്, ലോട്ടറി, ക്രിമിനൽ കുറ്റങ്ങൾ എന്നിവയാണ് എൽ.ഡി.എഫ് സർക്കാരിന്റെ അജൻഡകളെന്നും കോർ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

Advertisement
Advertisement