രാഷ്ട്രീയ കാര്യങ്ങളിൽ മൗനം: ഷാഫി പറമ്പിലിന് വിമർശനം

Monday 09 January 2023 12:00 AM IST

കൊച്ചി: രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടാതെ മൗനം പാലിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ സംഘടനയെ നിർജീവമാക്കിയെന്ന് സംസ്ഥാന സമിതി യോഗത്തിൽ ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെ വിമർശിച്ചു. ഫുട്ബാൾ ലോകകപ്പ് കാണാൻ ഖത്തറിൽ പോയതിനെതിരെയും വിമർശനമുയർന്നു.

കോൺഗ്രസുമായി ബന്ധപ്പെട്ടതും രാഷ്ട്രീയപരവുമായ വിഷയങ്ങളിൽ ഷാഫി നിഷ്ക്രിയമാണ്. ശശി തരൂരിന്റെ കേരളത്തിലെ ഇടപെടൽ ചർച്ചയായിട്ടും യൂത്ത് കോൺഗ്രസിന്റെ നിലപാട് പ്രഖ്യാപിച്ചില്ല. ഹിന്ദുത്വം സംബന്ധിച്ച പരാമർശത്തിന്റെ പേരിൽ എ.കെ. ആന്റണിയെ എതിരാളികൾ ആക്രമിച്ചപ്പോഴും സംരക്ഷിക്കാൻ തയ്യാറാകാതെ പ്രസിഡന്റ് മൗനം പാലിച്ചു. യൂത്ത് കോൺഗ്രസിൽ ഏകോപിത പ്രവർത്തനമില്ല, ഷാഫി പറമ്പിലിന്റെ വൺമാൻഷോയാണ്. ഏകാധിപതിയായാണ് പ്രവർത്തനം. നിരവധി വിഷയങ്ങളുണ്ടായിട്ടും പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ കഴിഞ്ഞില്ലെന്നും ഭാരവാഹികൾ വിമർശിച്ചു.വിമർശനങ്ങൾക്ക് വ്യക്തമായ മറുപടി ഷാഫി നൽകിയില്ല. കാലാവധി തീരും വരെ പ്രസിഡന്റ് പദവിയിൽ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. ചെറുപ്പക്കാരുടെ ഹരമെന്ന നിലയിലാണ് ലോകകപ്പ് കാണാൻ പോയതെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം മേയിൽ തൃശൂരിൽ നടത്താൻ തീരുമാനിച്ചു. മണ്ഡലം, ബ്ളോക്ക്, നിയോജകമണ്ഡലം സമ്മേളനങ്ങൾ ഫെബ്രുവരിയിൽ ആരംഭിക്കും. മാർച്ചിൽ ജില്ലാ സമ്മേളനങ്ങൾ ആരംഭിക്കാനും ഡി.സി.സി ഓഫീസിൽ ചേർന്ന യോഗം തീരുമാനിച്ചു.