സന്തോഷ് ട്രോഫി താരം റിസ്‌വാന്റെ പിതാവ് മുഹമ്മദലി നിര്യാതനായി

Sunday 08 January 2023 11:42 PM IST

തൃക്കരിപ്പൂർ: സന്തോഷ് ട്രോഫി താരം റിസ്‌വാൻ അലിയുടെ പിതാവ് വൾവക്കാട് വി.കെ.പി റോഡിനു സമീപത്തെ വി.പി മുഹമ്മദലി(62) നിര്യാതനായി. ഇന്നലെ വൈകിട്ട് കേരളത്തിന്റെ മത്സരം മൊബൈൽ ഫോണിലൂടെ കണ്ടുകൊണ്ടിരിക്കെ നാലുമണിയോടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട് സന്തോഷ്‌ ട്രോഫി ഫുട്‌ബാൾ മത്സരം കഴിഞ്ഞതിനുശേഷമാണ് റിസ്‌വാനെ പിതാവിന്റെ മരണവിവരം അറിയിച്ചത്. രാത്രി 11 മണിയോടെ കൂട്ടാനെത്തിയ ബന്ധുക്കളുടെ കൂടെ മകൻ തൃക്കരിപ്പൂരിലെ വീട്ടിലെത്തി.

റിസ്‌വാൻ അലിയെ മികച്ച ഫുട്‌ബാൾ താരമായി വളർത്തുന്നതിന് എല്ലാവിധ പ്രോത്സാഹനവും നൽകിയത് ദീർഘകാലം സഊദിയിൽ വ്യാപാരിയായിരുന്ന മുഹമ്മദലി ആയിരുന്നു. പരേതരായ സൈദു മുഹമ്മദിന്റെയും വി.പി ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഇ.കെ ഖൈറുന്നിസ കോട്ടപ്പുറം. മറ്റു മക്കൾ: റാഷിദലി (സഊദി), റിയാസലി (ലണ്ടൻ). മരുമക്കൾ: സലീന കോട്ടപ്പള്ളി, നാസിറ പടന്നക്കാട്, ശഹാമ പെരുമ്പ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ (സഊദി), ഖദീജ, കുഞ്ഞായിഷ. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് വൾവക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.