ഇരുട്ടിൽ തപ്പി കൊട്ടാരക്കര അധികൃതർക്ക് മിണ്ടാട്ടമില്ല

Monday 09 January 2023 12:48 AM IST

കൊട്ടാരക്കര: സന്ധ്യകഴിഞ്ഞാൽ കൊട്ടാരക്കര ടൗണും പരിസരവും ഇരുട്ടിൽ മുങ്ങും. ലക്ഷങ്ങൾ മുടക്കി കൊട്ടാരക്കര ടൗണിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് നാളുകളേറെയായി. ലൈറ്റിന് അറ്റകുറ്റപ്പണികൾ നടത്തി ടൗണിനെ ഇരുട്ടിൽ നിന്ന് മോചിപ്പിക്കാൻ ഇനിയും നടപടിയില്ല. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതോടെ ടൗണിലും പരിസരത്തുമുള്ള ഇലക്ട്രിക് പോസ്റ്റുകളിലെ വൈദ്യുത ദീപങ്ങൾ അധികൃതർ കൈയ്യൊഴിഞ്ഞിരുന്നു. ഇപ്പോൾ

വെളിച്ചമില്ലാതെ കഷ്ടപ്പെടുകയാണ് വ്യാപാരികളും നാട്ടുകാരും.

അലങ്കാര വസ്തുവായി ഹൈമാസ്റ്റ് ലൈറ്റ്

തിരക്കേറിയ ടൗണിലെ വ്യാപാര മേഖലയെ വെളിച്ചമില്ലായ്മ സാരമായി ബാധിച്ചിട്ടുണ്ട്. രാത്രി 9 വരെ തിരക്കുണ്ടായിരുന്ന ടൗൺ ഇപ്പോൾ സന്ധ്യയോടെ വിജനമാകും. ഹൈമാസ്റ്റ് ലൈറ്റ് കഴിഞ്ഞ നൂറു മാസമായി സ്ഥിരമായി കത്താറില്ല. ആഴ്ചയിൽ നാലുദിവസം കത്തിയാൽ മൂന്നു ദിവസം കത്തില്ല. കഴിഞ്ഞ രണ്ടുമാസമായി ലൈറ്റ് അലങ്കാര വസ്തുമാത്രമായി മാറി. ഹൈമാസ്റ്റ് ലൈറ്റിനോടു ചേർന്ന് സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി കാമറയും നാളുകളായി പ്രവർത്തന രഹിതമാണ്.

അധികൃതർ നടപടിയെടുക്കണം

കൊട്ടാരക്കര ടൗണിനെ ഇരുട്ടിൽ നിന്ന് മോചിപ്പിക്കാൻ ഹൈമാസ്റ്റ് ലൈറ്റുകൾ കത്തിക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി രഞ്ജിത് പി.ചാക്കോ ജില്ലാ പ്രസിഡന്റ് ഡോ.എസ്. മധുസൂദനൻ, ജില്ലാ സെക്രട്ടറി ജി. ജോൺസൺ, കുമ്പിൾ നസീർ, നീലേശ്വരം സദാശിവൻ, ഓമനക്കുട്ടൻ,ലാൽ വിശ്വം, ബിന്ദു പട്ടാഴി എന്നിവർ സംസാരിച്ചു.