നിരോധിത പുകയില ഉല്പന്നങ്ങളുടെ വൻവേട്ട

Monday 09 January 2023 12:51 AM IST

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും ചില്ലറ വ്യാപാരികൾക്ക് കൈമാറാനായി കൊണ്ടുവന്ന 127410 പായ്ക്കറ്റ് പുകയില ഉല്പന്നങ്ങളുമായി യുവാവ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. തൊടിയൂർ വേങ്ങറ നമസി മൻസിലിൽ തൗസിം(30) ആണ് പിടിയിലായത്.

ഇന്നലെ പുലർച്ച 2.30 ഓടെ കരുനാഗപ്പള്ളി മോഡൽ സ്കൂളിന് സമീപം നടന്ന വാഹന പരിശോധനയിലാണ് രണ്ട് ലോറികളിലായി കൊണ്ടുവന്ന പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തത്. സവാള ചാക്കുകൾക്കിടയിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. 72600 പായ്ക്കറ്റ് ഗണേശ്, 36750 പായ്ക്കറ്റ് ഹാൻസ്, 9600 പായ്ക്കറ്റ് ശംഭു, 8460 പായ്ക്കറ്റ് കൂൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഇവയ്ക്ക് പൊതുവിപണിയിൽ ഏകദേശം ഒരു കോടിയോളം രൂപ വിലവരുമെന്ന് കണക്കാക്കുന്നു. എ.സി.പി വി.എസ്. പ്രദീപ്കുമാർ, സി.ഐവി. ബിജു, എസ്.ഐമാരായ സുജാതൻപിള്ള, രാജേന്ദ്രൻ,എസ്. സി.പി.ഒ അനിൽ, സി.പി.ഒമാരായ രജീഷ്, ശ്രീജിത്ത്, സൗമ്യ എന്നിവരടങ്ങിയ സംഘമാണ് പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തത്.