ഓട്ടോ പാർക്കിംഗ് മാറ്റിനിശ്ചയിച്ചത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു

Monday 09 January 2023 12:51 AM IST
ബഷീർ റോഡിൽ പാർക്ക് ചെയ്ത് ഓട്ടോറിക്ഷകൾ

കോഴിക്കോട്: മിഠായിത്തെരുവിലേക്കുള്ള ആളുകളുടെ പ്രവേശനത്തിന് തടസമായിരുന്ന ഓട്ടോറിക്ഷാ പാർക്കിംഗ് മാറ്റി നിശ്ചയിച്ചത് നഗരത്തിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ലൈബ്രറിക്ക് മുന്നിലെ പാർക്കിംഗ് ഇപ്പോൾ ബഷീർ റോഡിലാണ്. അതുകാരണം മിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ വലിയ രീതിയിലുള്ള ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ ഓട്ടോറിക്ഷകൾ നിരയായി ഇട്ടതു കൊണ്ട് സെൻട്രൽ ലൈബ്രറിക്ക് സമീപം ഇരു ചക്ര വാഹനങ്ങൾക്കും പാർക്ക് ചെയ്യാൻ കഴിയുന്നില്ല.ട്രാഫിക് പൊലീസിന്റെ നിർദ്ദേശ പ്രകാരമാണ് ഈ മാറ്റമെന്നാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ പറയുന്നത്.

മിഠായിത്തെരുവിലേക്ക് ആളുകൾക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം വിലങ്ങനെ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതിൽ നിരന്തരം പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വണ്ടികൾ ആദ്യ പാർക്കിംഗ് സ്ഥലത്ത് നിന്ന് മാറ്റിയതെന്നാണ് ട്രാഫിക് പൊലീസ് പറയുന്നത്. കൂടാതെ വെള്ളിമാട്കുന്നിലേക്കും മറ്റും പോകുന്ന ബസുകൾക്ക് ഇവരുടെ പാർക്കിംഗ് കാരണം സ്റ്റോപ്പിൽ നിർത്താൻ കഴിഞ്ഞിരുന്നില്ല. ഒൻപത് ഓട്ടോകൾ മാത്രം പാർക്ക് ചെയ്യാൻ അനുവാദം കൊടുത്ത ഇടത്ത് 30 ഓട്ടോകൾ എങ്കിലും പാർക്ക് ചെയ്യുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൂടാതെ മാവൂർ റോഡ് ,കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിലും ബസ് സ്റ്റാൻഡുകൾക്ക് മുന്നിൽ ഓട്ടോകൾ നിർത്തിയിടുന്നതിലും പരാതിയുണ്ട്. ബഷീർ റോഡിലെ പാർക്കിംഗ് താത്ക്കാലികമാണെന്നും പരിഹാരം കാണുമെന്നും ട്രാഫിക് പൊലീസ് പറയുന്നുണ്ട്. മതിയായ പാർക്കിംഗ് സൗകര്യമില്ലാത്ത നഗരത്തിൽ 4000 ഓട്ടോറിക്ഷകളാണ് നിലവിൽ സർവീസ് നടത്തുന്നത്.