ശതോത്തര രജതജൂബിലി ആഘോഷം 16ന്
പത്തനംതിട്ട : മല്ലശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയുടെ ഒരു വർഷം നീളുന്ന ശതോത്തര രജതജൂബിലി ആഘോഷം 16ന് തുടങ്ങും. മന്ത്രി വീണാ ജോർജ് രാവിലെ 10.30ന് ആഘോഷം ഉദ്ഘാടനം ചെയ്യുമെന്ന് ഇടവകി വികാരി ഫാ.സാം.കെ ഡാനിയേൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഘോഷങ്ങളുടെ മുന്നോടിയായി ദീപശിഖാ റാലി പകൽ 1.30ന് ബേസിൽ അരമനയിൽ നിന്ന് ആരംഭിക്കും. വിവിധ ദേവാലയങ്ങളിലെ വിവിധ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മല്ലശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ എത്തും. തെങ്ങുംകാവ് സെന്റ് തോമസ് കുരിശടിയിൽ എത്തിച്ചേരുന്ന ദീപശിഖ വാഹന റാലിയെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ദേവാലയത്തിലേക്ക് ആനയിക്കും. മെഡിക്കൽ ക്യാമ്പ്, എക്യുമെനിക്കൽ സമ്മേളനം, വിദ്യാർത്ഥി സംഗമം,സംഗീത, ക്വിസ് മത്സരം, കുടുംബ സംഗമം, വനിതാ സംഗമം, സാമൂഹിക ക്ഷേമ പ്രവർത്തനം തുടങ്ങിയവ ഇതോടനുബന്ധിച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സഹവികാരി ഫാ.ലിജിൻ ഏബ്രഹാം,ട്രസ്റ്റി ജോൺസൺ കരിമരത്തിനാൽ, ജനറൽ കൺവീനർ റോബിൻ പീറ്റർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.