സർഗാലയ അന്താരാഷ്ട്ര കലാ കരകൗശലമേള സമാപനം ഇന്ന്

Monday 09 January 2023 12:58 AM IST
sargalaya

കോഴിക്കോട്: പത്താമത് സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള ഇന്ന് സമാപിക്കും. കരകൗശല മേഖല, കൈത്തറി മേഖല, കളിമൺ പൈതൃക മേഖല, പരമ്പരാഗത കലാപ്രദർശന മേഖല എന്നിവ ആസ്പദമാക്കിയാണ് ഡിസംബർ 22 മുതൽ മേള സംഘടിപ്പിച്ചത്. ഇന്ത്യയിലെയും വിദേശത്തെയും കരകൗശല വിദഗ്ദ്ധരുടെ കലാവൈഭവം പ്രകടമാക്കുന്നതായിരുന്നു കരകൗശല മേള. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിച്ച മേള കാണാനും സാധനങ്ങൾ വാങ്ങുന്നതിനുമായി നിരവധി പേരാണ് സർഗാലയയിലേക്ക് എത്തിയത്.

26 സംസ്ഥാനങ്ങളിൽ നിന്നും 500 ൽ പരം കരകൗശല വിദഗ്ദ്ധരും ബംഗ്ലാദേശ്, ജോർദാൻ, കിർഗിസ്ഥാൻ, നേപ്പാൾ, സിറിയ, താജിക്കിസ്ഥാൻ, തായ്ലാൻഡ്, മൗറീഷ്യസ്, ഉസ്‌ബെക്കിസ്ഥാൻ, ലെബനൻ തുടങ്ങി 10 ൽ പരം രാജ്യങ്ങളിലെ കരകൗശല കലാകാരന്മാരാണ് മേളയിൽ പങ്കെടുത്തത്. ഉസ്‌ബെക്കിസ്ഥാൻ മേളയുടെ പാർട്ണർ രാജ്യമാണ്. മിനിസ്ട്രി ഓഫ് ടെക്സ്റ്റൈൽസ് ഡവലപ്പ്‌മെന്റ് കമ്മിഷണർ ഓഫ് ഹാൻഡി ക്രാഫ്റ്റ്സ് ഒരുക്കുന്ന ക്രാഫ്റ്റ് ബസാർ, നബാർഡ് ക്രാഫ്റ്റ് പവിലിയൻ, വിദേശ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒരുക്കുന്ന ഇന്റർനാഷണൽ ക്രാഫ്റ്റ് പവിലിയൻ, കേരള ഫുഡ് ഫെസ്റ്റ്, ഉസ്‌ബെക്കിസ്ഥാൻ ഫുഡ് ഫെസ്റ്റ്, അമ്യൂസ്‌മെന്റ് റൈഡുകൾ, കലാപരിപാടികൾ, ബോട്ടിംഗ്, കളരി പവിലിയൻ, മെഡിക്കൽ എക്സിബിഷൻ എന്നിവയും മേളയുടെ ഭാഗമായി ഉണ്ടായിരുന്നു. സമാപന സമ്മേളനത്തിൽ പുരാവസ്തുതുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയാകും. പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷെഫീഖ് അദ്ധ്യക്ഷത വഹിക്കും.