കടുമേനിയിൽ റബ്ബർ തോട്ടത്തിന് തീപിടിച്ചു
കടുമേനി: കടുമേനി വിഷ്ണുമൂർത്തി മുണ്ട്യക്കാവിന് മുകൾവശത്തുള്ള കയത്തുംകര എസ്റ്റേറ്റിൽ തീ പിടിച്ച് ഏക്കർ കണക്കിന് റബ്ബർ തോട്ടം കത്തിനശിച്ചു. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെ പടർന്ന തീ രാത്രി വൈകിയും കത്തുകയായിരുന്നു.
തോട്ടത്തിൽ ടാപ്പിംഗിന് പോയ തൊഴിലാളിയാണ് തീ പടരുന്നത് കണ്ടത്. ഇയാൾ വിവരമറിയച്ചതിനെ തുടർന്ന് നാട്ടുകാരെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പെരിങ്ങോത്ത് നിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും മലമുകളിലേക്ക് വഴിയില്ലാത്തതിനാൽ എത്തിച്ചേരാൻ സാധിച്ചില്ല. എതാണ്ട് 15 ഏക്കറോളം സ്ഥലത്ത് തീ പടർന്ന് പൂർണമായും കത്തിനശിച്ചു. റബ്ബർ റീപ്ലാന്റ് ചെയ്ത തോട്ടത്തിൽ കൃഷി ചെയ്ത ചെറിയ റബ്ബറുകളും കടുക്കയും ആണ് കത്തിയമർന്നത്. തീ കൂടുതൽ പ്രദേശത്തേക്ക് കടക്കാതിരിക്കാൻ കാട് തെളിച്ച് സുരക്ഷ ഒരുക്കുകയാണ് നാട്ടുകാർ. മലമുകളിലായതിനാൽ രക്ഷാ പ്രവർത്തനത്തിനും ഏറെ ബുദ്ധിമുട്ടുകയാണ് സമീപവാസികൾ.