ഊട്ടറ പാലത്തിൽ ബി.ഡി.ജെ.എസ് റീത്തുവച്ച് പ്രതിഷേധിച്ചു
കൊല്ലങ്കോട്: പത്തുവർഷം മുന്നേ ഊട്ടറ പാലം അപകടഭീഷണിയിലെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടും പാലം ബലപ്പെടുത്താനോ പുതിയപാലം നിർമ്മിക്കാനോ തയ്യാറാകാതിരുന്ന സർക്കാർ അലംഭാവത്തിൽ ബി.ഡി.ജെ.എസ് നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി പാലത്തിൽ റീത്തുവച്ച് പ്രതിഷേധിച്ചു.
ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.അനുരാഗ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പുകളിൽ പുതിയ പാലം നിർമ്മിക്കുമെന്ന് പറഞ്ഞ എം.എൽ.എമാർ ജനങ്ങളോട് മാപ്പുപറയണം. ഊട്ടറ പാലം ഉൾപ്പെടെ കൊല്ലങ്കോട് ഭാഗത്തേക്കുള്ള പല്ലശ്ശന പാലം, അലമ്പള്ളം പാലം എന്നിവയുടെ പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം, ഊട്ടറയിലെ നിലവിലുള്ള പാലം ഉടൻ ബലപെടുത്തി ടൂവീലറും ചെറുവാഹനങ്ങളും കടത്തിവിടണമെന്നും ആവശ്യപ്പെട്ടു. ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ആർ.അരവിന്ദാക്ഷൻ, ജി.സജീഷ്, ജി.അനിൽ, എസ്.വത്സൻ, സി.രാജേഷ്, എ.ഗംഗാധരൻ, വി.സുദേവൻ, ടി.സഹദേവൻ, കെ.അനന്ത കൃഷ്ണൻ, സി.കാശു, എം.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.