വെന്റിലേറ്ററിലായി 'ആശ്വാസ കിരണം' പദ്ധതി ആനുകൂല്യം കാത്ത് 62,282 കുടുംബങ്ങൾ
പാലക്കാട്: കിടപ്പു രോഗികളെ പരിചരിക്കുന്നവർക്ക് ധനസഹായം നൽകുന്ന ആശ്വാസ കിരണം പദ്ധതി ‘കിടപ്പിൽ’. പദ്ധതിയിൽ സംസ്ഥാനത്താകെ കഴിഞ്ഞ നാലുവർഷമായി ആനുകൂല്യം കാത്തിരിക്കുന്നത് 62,282 കുടുംബങ്ങൾ. 2018 മാർച്ച് 31വരെ അപേക്ഷിച്ച 92,412 പേർ നിലവിൽ ആനുകൂല്യം കൈപ്പറ്റുന്നുണ്ട്. 2018 മാർച്ച് 31ന് ശേഷം ഒരു അപേക്ഷയും സർക്കാർ പരിഗണിച്ചിട്ടില്ല. നൽകിയ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. രോഗിയെ തനിച്ചാക്കി കൂലിപ്പണിക്ക് പോലും പോകാനാവാത്തവർക്കുള്ള ആശ്വാസം മുടങ്ങിയതോടെ പലരും പ്രതിസന്ധിയിലാണ്.
കിടപ്പുരോഗികളെയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവർക്ക് സർക്കാർ നൽകുന്ന പ്രതിമാസ ധനസഹായ പദ്ധതിയാണ് ആശ്വാസ കിരണം. 2020 ഒക്ടോബർ മുതലുള്ള തുക മുടങ്ങിക്കിടക്കുകയാണ്. 2021- 22 സാമ്പത്തിക വർഷം 40 കോടി സർക്കാർ അനുവദിച്ചിരുന്നെങ്കിലും 2020 വരെയുള്ള മുടങ്ങിക്കിടന്ന കുടിശ്ശിക തുക 2021 ആഗസ്റ്റ്- സെപ്റ്റംബറിലാണ് വിതരണം ചെയ്തത്. കുടിശ്ശിക പൂർണമായി തീർക്കാൻ ഈ തുക മതിയാവില്ല.
സാമൂഹിക സുരക്ഷാ മിഷൻ മുഖേന പ്രതിമാസം 600 രൂപയാണ് രോഗികളെ പരിചരിക്കുന്നവർക്ക് ലഭിക്കുന്നത്. നിത്യവൃത്തിക്കു പോലും തികയില്ലെങ്കിലും ഒരു ജോലിക്കും പോകാൻ കഴിയാതെ രോഗികളെ പരിചരിക്കുന്നവർക്ക് അതൊരു വലിയ ആശ്വാസമായിരുന്നു. നേരത്തെ ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക വൈകല്യമുള്ളവർ, മാനസിക രോഗികൾ എന്നിവരെ പരിചരിക്കുന്നവരായിരുന്നു പദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്. 2012ലെ സർക്കാർ ഉത്തരവ് പ്രകാരം അന്ധത ബാധിച്ചവർ, പ്രായാധിക്യംകൊണ്ടും കാൻസർ തുടങ്ങിയ ഗുരുതര രോഗങ്ങളാലും കിടപ്പിലായവർ, ദൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമുള്ളവർ എന്നിവരെ പരിചരിക്കുന്നവരെയും ഉൾപ്പെടുത്തി. ഇതോടെ ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുകയും ചെയ്തു.
ആനുകൂല്യം നൽകാൻ ഫണ്ടില്ലത്രേ
ശിശുവികസന ഓഫീസർ മുഖേന നൽകുന്ന അപേക്ഷ അങ്കണവാടി സൂപ്പർവൈസർ ഫീൽഡ് പരിശോധന നടത്തിയ ശേഷമാണ് സാമൂഹിക സുരക്ഷാമിഷന് സമർപ്പിക്കുന്നത്. ഇങ്ങനെ അംഗീകരിച്ച അപേക്ഷകർക്ക് ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാട്ടിയാണ് ആനുകൂല്യം നിഷേധിക്കുന്നത്. 2016 ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ 75 രൂപ വർദ്ധിപ്പിച്ച് പെൻഷൻ തുക 600 രൂപയാക്കിയെങ്കിലും പിന്നീട് തുക വർദ്ധിപ്പിച്ചിട്ടില്ല. പോസ്റ്റ് ഓഫീസ് വഴി നൽകിയിരുന്ന പണം ഇപ്പോൾ ബാങ്കിലൂടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയാണ്. വരുമാനം ഇല്ലാത്തയാൾക്ക് സർക്കാർ വല്ലപ്പോഴും നൽകുന്ന 600 രൂപ കൊണ്ട് പരിചാരകനെ നിർത്താനോ വീട്ടിലെ ആരെങ്കിലും ജോലിക്കു പോകാതെ മുഴുവൻ സമയം പരിചരിക്കാനോ സാധിക്കാത്ത അവസ്ഥയാണ്. കുടിശ്ശിക തീർത്ത് അനുവദിക്കുന്നതിനൊപ്പം ധനസഹായം 1200 ആക്കി വർദ്ധിപ്പിക്കാനും സർക്കാർ നടപടിയെടുക്കണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം.
ആനുകൂല്യം ലഭിക്കുന്നവരുടെ ജില്ലതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം - 13,390
കൊല്ലം - 5,841
പത്തനംതിട്ട - 2,376
ആലപ്പുഴ - 6,488
കോട്ടയം - 4,777
എറണാകുളം - 6,641
ഇടുക്കി - 1,942
തൃശൂർ - 7,249
പാലക്കാട് - 7,987
മലപ്പുറം - 11,869
കോഴിക്കോട് - 12,197
വയനാട് - 1,704
കണ്ണൂർ - 7,321
കാസർകോട് - 2,630