മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവർദ്ധനവ്; ഇന്ധനത്തിന് മൂന്ന് ലക്ഷം, അലവൻസ് 35 ശതമാനം വരെ കൂട്ടാൻ ശുപാർശ

Monday 09 January 2023 7:48 PM IST

തിരുവനന്തപുരം: മന്ത്രിമാർക്കും എംഎൽഎമാർക്കുമുള്ള അലവൻസുകളിൽ വീണ്ടും വർദ്ധന വരുത്താൻ ശുപാർശ. ശമ്പളവർദ്ധനവിനെക്കുറിച്ചുള്ള വിശദ പഠനത്തിനായി ഏർപ്പെടുത്തിയ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം അലവൻസുകളിൽ യഥാക്രമം 30 മുതൽ 35 ശതമാനം വരെ വർദ്ധന വരുത്താനാണ് ശുപാർശ.

ദൈനം ദിന ചെലവുകള്‍ കൂടിയ സാഹചര്യത്തില്‍ ആനുകൂല്യങ്ങളും അലവന്‍സുകളും കാലോചിതമായി പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമായപ്പോഴാണ് സര്‍ക്കാര്‍ കമ്മീഷനെ വച്ചത്. അതിൻ പ്രകാരം ജൂലൈയില്‍ നിയമിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായരുടെ ഏകാംഗ കമ്മീഷൻ കഴിഞ്ഞ ആഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.മുൻകാലങ്ങളിലെ പോലെ അടിസ്ഥാന ശമ്പളത്തില്‍ വലിയ വ്യത്യാസം വരുത്താതെ അലവന്‍സുകളും ആനൂകൂല്യങ്ങളിൽ തന്നെ വർദ്ധനവ് പ്രാബല്യത്തിൽ വരുത്താനാണ് ശുപാര്‍ശ. പ്രധാനമായും ടി.എ 15 എന്നതിൽ നിന്ന് 20 രൂപയാക്കി പരിഷ്തരിക്കാനും നിർദേശിക്കുന്നുണ്ട്.

ഫോണ്‍സൗകര്യം, ചികിത്സ, താമസം തുടങ്ങി വിവിധ അലവന്‍സുകളിലെല്ലാം വര്‍ദ്ധനവിന് നിര്‍ദ്ദേശമുണ്ട്. മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ വിവാദ സാദ്ധ്യത ഒഴിവാക്കാനായി തിരക്കിട്ട തീരുമാനത്തിനിടയില്ലെന്നാണ് വിവരം. 2018-ലാണ് ഇതിന് മുന്‍പ് ശമ്പള വർദ്ധന നടപ്പാക്കിയത്. മന്ത്രിമാര്‍ക്ക് 97,429 രൂപയും എംഎല്‍എമാര്‍ക്ക് 70,000 രൂപയും ആണ് നിലവിലെ ശമ്പളം.