മാലിന്യം നിറഞ്ഞ് നീർവിളാകം
കോഴഞ്ചേരി : പ്രകൃതിഭംഗി ആസ്വദിക്കാൻ നീർവിളാകം റോഡിലെത്തിയാൽ മൂക്കുപൊത്തി ഓടേണ്ടിവരും. ദുർഗന്ധം കാരണം ഇൗ പരിസരത്ത് നിൽക്കാനാകില്ല. പുഞ്ചപ്പാടങ്ങൾക്ക് നടുവിൽ തണൽ മരങ്ങളും സിമന്റ് ബഞ്ചുകളുമുള്ള നീർവിളാകത്ത് നിരവധി പേർ വൈകുന്നേരങ്ങൾ ചെലവഴിക്കാൻ എത്താറുണ്ടായിരുന്നു. ഫോട്ടോ ഷൂട്ടിന് എത്തുന്നവരുടെയും ഇഷ്ട ലൊക്കേഷനായിരുന്നു ഇൗ പ്രദേശം. ആറൻമുള പഞ്ചായത്തിലെ 17,18 വാർഡുകളെ ബന്ധിപ്പിക്കുന്ന പുത്തൻകാവ് - കിടങ്ങന്നൂർ റോഡിന്റെ മദ്ധ്യഭാഗമാണിവിടം.
നീർവിളാകം വിശ്രമകേന്ദ്രത്തിന്റെ മദ്ധ്യത്തിലായി അജൈവ മാലിന്യ ശേഖരണത്തിനായി ഒരു എം.സി.എഫ് സ്ഥാപിച്ചതോടെയാണ് മൂക്കുപൊത്തേണ്ട ഗതികേടുണ്ടാകുന്നത്. ഇവിടെ എത്തുന്നവർക്ക് വെള്ളക്കുപ്പികളും പ്ലാസ്റ്റിക് കവറുകളും നിക്ഷേപിക്കുവാനായി നാട്ടുകാരുടെ താൽപ്പര്യ പ്രകാരമാണ് അജൈവമാലിന്യക്കൂട് സ്ഥാപിച്ചത്. എന്നാൽ മാലിന്യങ്ങൾ കൃത്യമായ ഇടവേളകളിൽ നീക്കം ചെയ്യാത്തതിനാൽ മാലിന്യകേന്ദ്രം നിറഞ്ഞുകവിഞ്ഞു. കൂടാതെ ജൈവ മാലിന്യങ്ങളും ഇവിടെ തള്ളാൻ തുടങ്ങി. ഇവ അഴുകി ദുർഗന്ധം വമിക്കുകയാണിപ്പോൾ. ഇറച്ചി മാലിന്യങ്ങളടക്കം ചിലർ ഇവിടെ കൊണ്ട് ഇടുന്നുണ്ട്. കൃഷിയിറക്കിയ പാടത്തും മാലിന്യം വലിച്ചെറിയുന്നതായി പരാതിയുണ്ട്. മാലിന്യക്കൂട് നിറഞ്ഞുകവിഞ്ഞിട്ട് മാസങ്ങളായി.
നിരവധി പരാതികൾ ഉയർന്നെങ്കിലും അധികാരികൾ ഇതൊന്നും കണ്ട മട്ടില്ല. സമീപ ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിയും ഇതാണ്.
മാലിന്യക്കൂട് ഒരുക്കിയത് അഴുകാത്ത
മാലിന്യങ്ങൾ ശേഖരിക്കാൻ.
തള്ളുന്നത് ഇറച്ചി മാലിന്യങ്ങൾ
ഉൾപ്പടെ ജൈവമാലിന്യങ്ങൾ
വിശ്രമ കേന്ദ്രത്തെ ഇല്ലാതാക്കി മാലിന്യനിക്ഷേപം.
"പഞ്ചായത്ത് അധികൃതർ കൃത്യമായ ഇടവേളകളിൽ മാലിന്യം നീക്കം ചെയ്യണം. റോഡിൽ കാമറ സ്ഥാപിച്ച് നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണം. ജൈവ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി പിഴ ഇൗടാക്കണം.
മനോജ്, (ഓട്ടോറിക്ഷാ ഡ്രൈവർ)