കോർപ്പറേഷൻ കൗൺസിൽ അംഗീകരിച്ചു പൊളിച്ചുപണിയും ടാഗോർ ഹാൾ
@ പൊളിച്ചുപണിയുന്നത് ആറ് കെട്ടിടങ്ങൾ
കോഴിക്കോട് : കാലപ്പഴക്കത്താൽ ജീർണിച്ച നഗരത്തിലെ ആറ് കെട്ടിടങ്ങൾ പൊളിച്ച് പണിയാനുള്ള തീരുമാനത്തിന് കോർപ്പറേഷൻ കൗൺസിലിന്റെ അംഗീകാരം. ആദ്യഘട്ടമെന്ന നിലയിലാണ് ആറ് കെട്ടിടങ്ങൾ ണിയുന്നത്. വരുമാന വർദ്ധന കൂടി ലക്ഷ്യമിട്ടാണ് കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള 12 കെട്ടിടങ്ങൾ പുതുക്കിപ്പണിയാൻ തീരുമാനിച്ചിരുന്നത്. ഓരോ കെട്ടിടത്തിനും പ്രത്യേകം ഡി.പി.ആർ ( വിശദമായ പദ്ധതി റിപ്പോർട്ട്) ക്ഷണിക്കും. ടാഗോർ സെന്റിനറി ഹാൾ, മെഡിക്കൽ കോളേജ് വേണാട് ബിൽഡിംഗ്, അരീക്കാട് ബിൽഡിംഗ്, നടക്കാവ് റസിഡൻഷ്യൽ കം കൊമേഴ്സ്യൽ ബിൽഡിംഗ്, കാരപ്പറമ്പ് ബിൽഡിംഗ്, പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടം എന്നിവയാണ് ആദ്യം പൊളിച്ചു പണിയുക. കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള പല കെട്ടിടങ്ങളും അപകട ഭീഷണി ഉയർത്തുന്നതാണെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് പുതിയ നീക്കം. നിരവധി കച്ചവട സ്ഥാപനങ്ങളും മറ്റും പ്രവർത്തിക്കുന്ന കെട്ടിടങ്ങളാണ് പുതുക്കിപ്പണിയുന്നത്.
ടാഗോർ ഹാൾ പൊളിച്ച് പണിയാൻ കോർപ്പറേഷൻ കൗൺസിൽ നേരത്തെ തീരുമാനിച്ചിരുന്നു. അറ്റകുറ്റപ്പണി നടത്തിയാലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയായതിനാലാണ് പുതുക്കുപണിയാമെന്ന തീരുമാനത്തിൽ എത്തിയത്. ഹാളിന്റെ സ്മരണ നിലനിർത്തിയാവും പുതിയ കെട്ടിടത്തിന്റെ നിർമ്മാണം. സി.ആർ.സെഡ് പരിധിയിൽ വരുന്നതിനാൽ പ്രത്യേക അനുമതി നിർമ്മാണത്തിന് ആവശ്യമാണ്.
1982ലാണ് ഉപയോഗ ശൂന്യമായ അരീക്കാട് ബിൽഡിംഗ് സ്ഥാപിച്ചത് ഇതാണ് പൊളിച്ചുപണിയുന്നത്. നടക്കാവ് റസിഡൻഷ്യൽ കം ഷോപ്പിംഗ് കോപ്ലക്സിന്റെയും സത്രം കോളനിയെയും സ്ഥലം ഉപയോഗപ്പെടുത്തിയാവും ഇവിടെ കെട്ടിടം പണിയുക. കൺവെൻഷൻ സെന്ററും ഷോപ്പിംഗ് കോംപ്ലക്സുമാണ് ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് നിലനിലനിന്ന കെട്ടിടം പൊളിച്ച് നിർമ്മിക്കുക. കടമുറികളും മത്സ്യമാർക്കറ്റും പ്രവർത്തിക്കുന്ന കാരപ്പറമ്പ് ബിൽഡിംഗ് പൊളിച്ച് വിപുലമായ വാണിജ്യ കെട്ടിടം പണിയും.
@ വേണാട് ബിൽഡിംഗ്:
കുറിപ്പ് നീക്കം ചെയ്തു
പൊളിച്ച് പണിയാൻ തീരുമാനിച്ച മെഡിക്കൽ കോളേജ് വേണാട് ബിൽഡിംഗ് നല്ല അവസ്ഥയിലാണ് പ്രവർത്തിക്കുന്നതെന്ന അജണ്ടയിലെ കുറിപ്പ് ഡെപ്യൂട്ടി മേയർ ഇടപെട്ട് നീക്കം ചെയ്തു. കെട്ടിടം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വ്യവഹാരം ഉണ്ടായാൽ എൻജിനിയറിംഗ് വിഭാഗത്തിന്റെ ഈ കുറിപ്പ് ദോഷം ചെയ്യുമെന്ന ഭരണപക്ഷത്തുൾപ്പെടെയുള്ള കൗൺസിലർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് നീക്കം ചെയ്തത്. ഇത്തരത്തിൽ കുറിപ്പ് വന്നത് ശരിയല്ലെന്നും എൻജിനിയിറിംഗ് വിഭാഗത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ഡെ.പ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അറിയിച്ചു.
ഹോട്ടലുകളിലെ പരിശോധന തുടരും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കും
കോഴിക്കോട്: ഹോട്ടലുകളിലെ പരിശോധന തുടരുമെന്നും നഗരത്തിലെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും മേയർ ഡോ. ബീന ഫിലിപ്പ് കോർപ്പറേഷൻ കൗൺസിൽ യോഗത്തെ അറിയിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള ഇടപെടൽ കൂടുതൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെ. മൊയ്തീൻ കോയ അവതരിപ്പിച്ച അടിയന്തര പ്രമേയത്തെ തുടർന്ന് സംസാരിക്കുകയായിരുന്നു മേയർ.
പരിശോധന ശക്തമായി നടക്കുന്നുണ്ടെന്ന് ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.എസ്. ജയശ്രീ അറിയിച്ചു. കലോത്സവത്തോടനുബന്ധിച്ച് ശക്തമായ പരിശോധന നടത്തിയിരുന്നു. സ്ഥിരമായി പരിശോധന നടത്തുന്നുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പുമായി ചേർന്ന് പരിശോധന നടത്തിയിരുന്നെന്ന് അവർ വ്യക്തമാക്കി. വേനൽക്കാലം വരുന്നതോടെ അപകട സാദ്ധ്യത കൂടുതലാണെന്ന് അവർ പറഞ്ഞു.
മാവൂർ റോഡ് ശ്മശാനത്തിൽ നിന്ന് യുവാവിന് പൊള്ളലേറ്റ വിഷയം കവിത അരുണും, കല്ലായി പുഴയോരത്തെ അനധികൃത കെട്ടിട നിർമാണം സംബന്ധിച്ച് എം.സി. സുധാമണിയും ശ്രദ്ധക്ഷണിച്ചു. സി.പി. സുലൈമാൻ, ടി.കെ. ചന്ദ്രൻ എന്നിവരും ശ്രദ്ധക്ഷണിച്ചു. പി. ദിവാകരൻ, ഡോ. പി.എൻ. അജിത, കെ.ടി സുഷാജ്, സി.എം. ജംഷീർ, നിർമല, റംലത്ത്, എസ്.കെ. അബൂബക്കർ, പി.കെ. നാസർ, ടി. റനീഷ്, നവ്യ ഹരിദാസ് സംസാരിച്ചു.
@ പി.എൻ.ബി തട്ടിപ്പ്: കോർപ്പറേഷന് കിട്ടാനുള്ളത് 12.53 ലക്ഷം
പി.എൻ.ബി. തട്ടിപ്പുമായി ബന്ധപ്പെട്ട് കോർപ്പറേഷന് 12.53 ലക്ഷം രൂപ പലിശ ഇനത്തിൽ കിട്ടാനുണ്ടെന്ന് സെക്രട്ടറി കെ.യു. ബിനി യോഗത്തെ അറിയിച്ചു. വിഷയത്തിൽ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത ശ്രദ്ധ ക്ഷണിച്ചു. അടുത്ത ആഴ്ച മുഴുവൻ പണവും നൽകാമെന്ന് ബാങ്ക് അധികൃതർ ഉറപ്പ് നൽകിയതായും ഹെഡ് ഓഫീസിൽ നിന്നുള്ള അനുമതി വൈകിയതാണ് പണം കിട്ടാനുള്ള താമസത്തിന് കാരണമെന്ന് സെക്രട്ടറി പറഞ്ഞു.
@ കല്ലായി സ്പോർട്സ് സ്കൂളിന് നടപടികളാവുന്നു
കല്ലായി സ്‌പോർട്‌സ് സ്‌കൂൾ നിർമ്മിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമാവുന്നു. സർവേ നടത്തുന്നതിനും മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനും എം പാനൽഡ് ആർക്കിടെക്ടുമാരെ നിയമാനുസരണം തെരഞ്ഞെടുക്കുന്നതിന് കൗൺസിൽ യോഗം അംഗീകാരം നൽകി.