കള്ളുഷാപ്പുകൾ പൂട്ടുന്നു, വിദേശമദ്യ ലോബിക്കായി സർക്കാർ:സതീശൻ

Tuesday 10 January 2023 4:09 AM IST

തിരുവനന്തപുരം: കള്ളുഷാപ്പുകൾ നടത്തിക്കൊണ്ടുപോകാനാകാതെ അടച്ചുപൂട്ടുമ്പോൾ വിദേശ മദ്യലോബികൾക്കായി സർക്കാർ എന്തും ചെയ്യാൻ തയ്യാറാവുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.കേരള ടോഡി ആൻഡ് അബ്കാരി വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ.

200ലധികം ബാറുകൾക്കും വിദേശമദ്യ ഷോപ്പുകൾക്കുമാണ് സർക്കാർ ലൈസൻസ് നല്കിയത്.കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന സമീപനമാണിവർ സ്വീകരിക്കുന്നത്.സർക്കാർ ഇച്ഛാശക്തിയോടെ പ്രവർത്തിച്ചാൽ തീരുന്ന പ്രശ്നങ്ങളേ കള്ള് ചെത്ത് വ്യവസായമേഖലയിൽ ഇപ്പോഴുള്ളു.പ്രതിപക്ഷത്തിന്റ പൂർണപിന്തുണയുണ്ടാകുമെന്നും സതീശൻ വ്യക്തമാക്കി.എൻ.അഴകേശൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ ജനറൽ സെക്രട്ടറി ആറ്റിങ്ങൽ അജിത് കുമാർ,തൊടിയൂർ രാമചന്ദ്രൻ,കെ.കെ.പ്രകാശൻ,വേലായുധൻ പാലക്കാട്,പി.ബി.രവി,ശ്രീവല്ലഭൻ, എസ്.ഓമനകുട്ടൻ എന്നിവർ പങ്കെടുത്തു.ആശാൻ സ്‌ക്വയറിൽ നിന്നുമാരംഭിച്ച മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ഫ്ളാഗ് ഓഫ് ചെയ്തു.നൂറു കണക്കിന് തൊഴിലാളികൾ മാർച്ചിൽ പങ്കെടുത്തു.