നിയമസഭയിലേക്കുള്ള മത്സര സൂചനയുമായി തരൂർ,​ ​ഓർത്തഡോക്‌സ് സഭാ അദ്ധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി

Tuesday 10 January 2023 12:11 AM IST

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സൂചന നൽകി ഡോ. ശശി തരൂർ എം.പി. കേരളത്തിൽ സജീവമാകണമെന്ന് എല്ലാവരും ആവശ്യപ്പെടുമ്പോൾ താത്പര്യമില്ലെന്ന് പറയാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓർത്തഡോക്‌സ് സഭാ അദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. ഇന്നലെ വൈകിട്ട് 6.30നാണ് തരൂർ ഓർത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോക അരമനയിലെത്തിയത്.

കോൺഗ്രസിനെ ശക്തിപ്പെടുത്താൻ കേരളത്തിൽ പ്രവർത്തിക്കണമെന്ന് തരൂരിനോട് ബാവ അഭ്യർത്ഥിച്ചു. തുടർച്ചയായി രണ്ടു തവണ പ്രതിപക്ഷത്തായത് കോൺഗ്രസിന്റെ അപചയമാണ്. കേരളത്തിന് മാറിമാറിയുള്ള ഭരണമാണ് നല്ലതെന്നും ബാവ കൂട്ടിച്ചേർത്തു.

സമുദായ നേതാക്കളെ മാത്രമല്ല സമൂഹത്തിലെ എല്ലാ ആളുകളെയും കാണുകയും സംസാരിക്കുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് തരൂർ പറഞ്ഞു. 2021ലെ തിരഞ്ഞെടുപ്പിൽ പ്രകടന പത്രിക തയ്യാറാക്കാനുള്ള ചുമതല ഏറ്റെടുത്തപ്പോൾ മുതൽ ആരംഭിച്ച പ്രവർത്തനമാണ് തുടരുന്നത്. താൻ തറവാടി നായരാണെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ല. മനസിലോ പ്രവർത്തിയിലോ തനിക്ക് ജാതിയില്ല. ജാതിയും മതവുമെല്ലാം സ്വകാര്യമാണ്. കഴിവാണ് പ്രധാനമെന്നും തരൂർ പറഞ്ഞു.

ഇന്നലെ ജില്ലയിലെ വിവിധ മതമേലദ്ധ്യക്ഷന്മാരുമായി തരൂർ കൂടിക്കാഴ്ച നടത്തി. രാവിലെ മാന്നാനം സെന്റ് കുര്യാക്കോസ് ഏലിയാസ് തീർത്ഥാടന കേന്ദ്രം സന്ദർശിച്ചു. തുടർന്ന് സി.എം.എസ് കോളേജിൽ വിദ്യാർത്ഥികളുമായി സംവദിച്ചു.