ഔദ്യോഗിക കാറും ലോറിയും കൂട്ടിയിടിച്ചു മുതിർന്ന ഐ.എ.എസ് ദമ്പതികൾക്ക് പരിക്ക്

Tuesday 10 January 2023 4:12 AM IST

 പരിക്കേറ്റത് വി.വേണുവിനും ശാരദ മുരളീധരനും

 മകനുൾപ്പെടെ നാലുപേർക്കും പരിക്ക്

 അപകടം കായംകുളത്ത്

കായംകുളം: ദേശീയപാതയിൽ ഔദ്യോഗിക ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച് മുതിർന്ന ഐ.എ.എസ് ദമ്പതികളായ ആഭ്യന്തര വകുപ്പ് അഡി.ചീഫ് സെക്രട്ടറി ഡോ.വി.വേണു, തദ്ദേശ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മകൻ ശബരി എന്നിവർ ഉൾപ്പെടെ ആറു പേർക്ക് പരിക്കേറ്റു. ഡ്രൈവർ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. കാറിലുണ്ടായിരുന്ന വേണുവിന്റെ ഗൺമാന് പരിക്കില്ല.

ഇന്നലെ പുലർച്ചെ 12.30ന് കായംകുളം എം.എസ്.എം കോളേജിന് സമീപമായിരുന്നു അപകടം. കൊച്ചി ബിനാലെ സന്ദർശിച്ച ശേഷം വേണുവിന്റെ ഔദ്യോഗിക കാറിൽ തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു. സാരമായി പരിക്കേറ്റ വേണുവിനെ പത്തനംതിട്ട പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡ്രൈവറും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ഇവരും ഈ ആശുപത്രിയിൽ ചികിത്സയിലാണ്. മുൻസീറ്റിലിരുന്ന വേണുവിന്റെ മൂക്കിനും വയറിനുമാണ് പരിക്കേറ്റത്. മൂക്കിന്റെ എല്ലിന് പൊട്ടലുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തെങ്കാശിയിൽ നിന്ന് അരിയുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപക‌ടം നടന്നയുടൻ തൊട്ടു പിന്നാലെയെത്തിയ വാഹനത്തിൽ ആറുപേരെയും കായംകുളം സർക്കാർ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് പൊലീസ് സഹായത്തോടെ പരുമലയിലെ ആശുപത്രിയിലേക്ക് മാറ്റി.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അപകടസ്ഥലം സന്ദർശിച്ചു. കായംകുളം പൊലീസ് കേസെടുത്തു. ലോറി ഡ്രൈവർ കണ്ണനെ കസ്‌റ്റഡിയിലെടുത്തു. വേണുവിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശുപത്രിയിൽ സന്ദർശിച്ചു. ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, മാത്യു ടി. തോമസ് എം.എൽ.എ, ജില്ല കളക്ടർമാരായ ഡോ. ദിവ്യ എസ്. അയ്യർ, വി.ആർ.കൃഷ്ണ തേജ, ഡോ. പി.കെ. ജയശ്രീ, ഡോ. രേണുരാജ് എന്നിവരും ആശുപത്രിയിലെത്തി.