രഞ്ജി ട്രോഫി : കേരളം ഇന്ന് സർവീസസിനെതിരെ
തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ കേരളം ഇന്ന് സർവീസസിനെ നേരിടും. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിലാണ് മത്സരം.
സീസണിൽ കേരളത്തിന്റെ നാലാം മത്സരമാണിത്. കഴിഞ്ഞവാരം ഇതേ വേദിയിൽ നടന്ന മത്സരത്തിൽ കേരളം ഗോവയോട് ഏഴ് വിക്കറ്റിന് തോറ്റിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി പട്ടിയിൽ മൂന്നാം സ്ഥാനത്താണ് കേരളം. 13 പോയിന്റ് തന്നെയുളള കർണാടകം ഒന്നാം സ്ഥാനത്തും ഛത്തിസ്ഗഡ് രണ്ടാം സ്ഥാനത്തുമാണ്. ഇതുകൂടാതെ കർണാടകയുമായും പോണ്ടിച്ചേരിയുമായാണ് കേരളത്തിന് ഈ സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ മത്സരങ്ങളുള്ളത്. ഈ മൂന്ന് മത്സരങ്ങളിലും മികച്ച വിജയങ്ങൾ നേടിയാലേ നോക്കൗട്ട് ഘട്ടത്തിലേക്ക് സുരക്ഷിതമായി കടക്കാനാവൂ.
സഞ്ജു സാംസൺ പരിക്കിന്റെ പിടിയിലായതിനാൽ ഈ മത്സരത്തിലും സിജോമോൻ ജോസഫാണ് കേരളത്തെ നയിക്കുക. കഴിഞ്ഞ കളിയിൽ ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറിയും(112) രണ്ടാം ഇന്നിംഗ്സിൽ അർദ്ധസെഞ്ച്വറിയും (78) നേടിയ രോഹൻ പ്രേം,മികച്ച ഫോമിലുള്ള ആൾറൗണ്ടർ ജലജ് സക്സേന,സച്ചിൻ ബേബി,രോഹൻ എസ്.കുന്നുമ്മൽ,വൈശാഖ്ചന്ദ്രൻ,അക്ഷയ് ചന്ദ്രൻ,ബേസിൽ തമ്പി തുടങ്ങിയവരിലാണ് കേരളത്തിന്റെ പ്രതീക്ഷകൾ.