ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസുമായി ധാരണയ്ക്ക് സി.പി.എം

Tuesday 10 January 2023 12:17 AM IST

ന്യൂഡൽഹി:ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി

ഭരണം തിരിച്ചു പിടിക്കുന്നതിന് കോൺഗ്രസുമായി ധാരണയിലെത്താൻ സി.പി.എം നീക്കം .

ഇക്കാര്യം ചർച്ച ചെയ്യാൻ രണ്ട് ദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗം ഇന്നലെ അഗർത്തലയിൽ ആരംഭിച്ചു.

യോഗത്തിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും, മുൻ ജനറൽ സെക്രട്ടറിയും പ്രകാശ് കാരാട്ടും പങ്കെടുക്കുന്നുണ്ട്. ത്രിപുരയിലേക്ക് തിരിക്കുന്നതിന് മുമ്പ്

യെച്ചൂരി ത്രിപുരയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് അജോയ് കുമാറുമായി ചർച്ച നടത്തിയതായി കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. കോൺഗ്രസ് - സി.പി.എം നേതൃതലത്തിൽ തത്വത്തിൽ ധാരണയായിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

നിയമസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച തുടർ പ്രവർത്തനങ്ങൾക്ക് പാർട്ടി ഒരു കമ്മിറ്റിക്ക് രൂപം നൽകിയേക്കും. എത്ര സീറ്റുകളിൽ മത്സരിക്കണമെന്നും ഏതൊക്കെയാണ് സീറ്റുകളെന്നും സമിതി തീരുമാനിക്കും.തിരഞ്ഞെടുപ്പ് ധാരണയായാൽ സംസ്ഥാനത്ത് ഇരു പാർട്ടികളുടെയും നേതാക്കളടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാനും നീക്കമുണ്ട്. സംസ്ഥാന കമ്മിറ്റി അതീരുമാനം കൈക്കൊണ്ട ശേഷം അടുത്ത പോളിറ്റ് ബ്യൂറോ യോഗം ഇതിന് അംഗീകാരം നൽകും.

കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യം വേണ്ടെന്നും ,എന്നാൽ സംസ്ഥാന തലങ്ങളിൽ ധാരണയുണ്ടാക്കുന്നതിൽ പ്രശ്നമില്ലെന്നും സി.പി.എം പാർട്ടി കോൺഗ്രസ് തീരുമാനിച്ചിരുന്നു. പാർട്ടി അധികാരത്തിലുള്ള ഏക സംസ്ഥാനമായ കേരളത്തിൽ മുഖ്യശത്രു കോൺഗ്രസായിരിക്കെ ,കേരളത്തിലെ പാർട്ടിയെ ബാധിക്കാതെ ത്രിപുരയിലെ സഖ്യത്തിന് രൂപം നൽകാനാണ് നീക്കം . ത്രിപുര ബി.ജെ.പിയിൽ നിന്നും തിരിച്ചു പിടിക്കാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞതായി സി.പി.എം കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. കോൺഗ്രസിൽ നിന്നും രാജി വച്ച് പ്രാദേശിക ഗോത്രവർഗ്ഗ പാർട്ടിയായ തിപ്ര മോത രൂപീകരിച്ച പ്രത്യുദ് മാണിക്യ ദേബ് ബർമനുമായും കോൺഗ്രസുമായും ധാരണയിലെത്തിയാൽ ബി.ജെ.പിയെ പുറത്താക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.

ഗോത്രവിഭാഗങ്ങൾ വസിക്കുന്ന 20 മണ്ഡലങ്ങളിൽ പ്രത്യുദിന് നല്ല സ്വാധീനമുണ്ട്. പ്രത്യുദ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുമായും നല്ല ബന്ധത്തിലാണ്. ധാരണയായാൽ പ്രത്യുദിന്റെ പാർട്ടിക്ക് 12 സീറ്റ് വിട്ട് നൽകിയേക്കും.

Advertisement
Advertisement