മന്ത്രി,എം.എൽ.എ ശമ്പളം,​ അലവൻസ് കുത്തനെ കൂട്ടാൻ ശുപാർശ

Tuesday 10 January 2023 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള, അലവൻസ് തുകകൾ 30 മുതൽ 35 ശതമാനം വരെ ഉയർത്താൻ ശുപാർശ. ഇതിന്

ആനുപാതികമായി മുൻ എം.എൽ.എമാർക്കുള്ള പെൻഷനും കൂട്ടാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തു.

മന്ത്രിമാർക്ക് ശമ്പളവും അലവൻസും ചേർത്ത് നിലവിൽ 97,429 രൂപയും, എം.എൽ.എമാർക്ക് 70,000 രൂപയുമാണ് ലഭിച്ചുവരുന്നത്. ശമ്പളത്തെ അപേക്ഷിച്ച് അലവൻസാണ് പ്രധാനം. 2018ലാണ് ഇവരുടെ ശമ്പളവും അലവൻസും അവസാനമായി ഉയർത്തിയത്. ശുപാർശ അംഗീകരിച്ചാൽ മന്ത്രിമാർക്ക് ഒന്നേ കാൽ ലക്ഷത്തിൽപ്പരം രൂപയും ,എം.എൽ.എമാർക്ക് 90,000ത്തിന് മുകളിലും ലഭിക്കും.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴുള്ള ശമ്പള വർദ്ധന ശുപാർശ അതേപടി അംഗീകരിക്കുമോയെന്നുറപ്പില്ല. വിമർശനമൊഴിവാക്കാൻ തിരക്കിട്ട് തീരുമാനമെടുക്കില്ലെന്നാണ് സൂചന.

ഇന്ധനച്ചെലവിനത്തിലെ തുക അടുത്തിടെ കൂട്ടിയതിനാൽ ഇത് വർദ്ധിപ്പിക്കാൻ കമ്മിഷൻ നിർദ്ദേശിച്ചിട്ടില്ല. ദൈനംദിന ചെലവുകൾ കൂടിയ സാഹചര്യത്തിൽ ആനുകൂല്യങ്ങളും അലവൻസുകളും കാലോചിതമായി പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് ശമ്പള വർദ്ധനവിനെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞ ജൂലായിൽ ഏകാംഗ കമ്മിഷനായി ജസ്റ്റിസ് രാമചന്ദ്രൻ നായരെ മന്ത്രിസഭായോഗം നിയോഗിച്ചത്. രണ്ടാഴ്ച മുമ്പാണ് അദ്ദേഹം റിപ്പോർട്ട് സർക്കാരിന് കൈമാറിയത്.യാത്രാച്ചെലവ്, ഫോൺ, ചികിത്സ, താമസം തുടങ്ങിയവയ്ക്കുള്ള അലവൻസുകളും വർദ്ധിപ്പിക്കാൻ നിർദ്ദേശമുണ്ട്.

ശമ്പള, അലവൻസ് തുകകൾ പരിഷ്കരിക്കണമെങ്കിൽ ശമ്പളവും ബത്തയും ബിൽ ഭേദഗതി ചെയ്യണം. അതിനുള്ള കരട് മന്ത്രിസഭ അംഗീകരിച്ചാൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ പാസാക്കാനാകും.