'കാപ്പിരിമുത്തപ്പനൊപ്പം' ആസ്വാദന ക്യാമ്പ്

Tuesday 10 January 2023 12:21 AM IST
സമകാലീന കലാകാരൻ ജിതീഷ് കല്ലാട്ടും ചിന്തകൻ ഹോമി കെ. ബാബയും തമ്മിലുള്ള സർഗസംവാദം

കൊച്ചി: ബിനാലെയുടെ ഭാഗമായി അഞ്ചു ദിവസത്തെ ചലച്ചിത്ര ആസ്വാദന ക്യാമ്പിന് ഫോർട്ടുകൊച്ചി വെളി ദോബിഘാനയിൽ തുടക്കമായി. ദിവസവും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന 'കാപ്പിരിമുത്തപ്പനൊപ്പം' എന്ന ആസ്വാദന ക്യാമ്പിനെത്തുടർന്ന് വിവിധ ചലച്ചിത്ര സംസ്‌കാരങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത സിനിമകൾ പ്രദർശിപ്പിക്കും. 14,15,16 തീയതികളിൽ വൈകിട്ട് മൂന്നു മുതലാണ് സിനിമാ പ്രദർശനം.

അടിച്ചമർത്തപ്പെട്ട തൊഴിലാളി വർഗങ്ങളുടെ പാരസ്പര്യം ഊട്ടിയുറപ്പിക്കുക, തിരിച്ചറിയുക, പറയുക, എഴുതുക എന്നീ ലക്ഷ്യത്തോടെ വിവിധ മേഖലകളിലെ തൊഴിലാളികളും ചലച്ചിത്ര പ്രവർത്തകരും ചരിത്രമെഴുതുന്നവരും ക്യാമ്പിൽ ഒത്തുചേരും. പ്രവേശനം സൗജന്യം.

നേരത്തെ ചിന്തകൻ ഹോമി കെ. ബാബയും കലാകാരൻ ജിതീഷ് കല്ലാട്ടും തമ്മിലുള്ള സർഗാത്മക സംവാദം കബ്രാൾ യാർഡിൽ നടന്നു.

ബിനാലെയുടെ ആർട്ട് ബൈ ചിൽഡ്രൻ പ്രോജക്ടിലെ ആർട്ട് റൂമിന്റെ ഭാഗമായി ടെറാക്കോട്ട നിർമ്മാണ ശില്പശാല 'ലിവിംഗ് ഹെറിറ്റേജ്' ഫോർട്ടുകൊച്ചി കബ്രാൾ യാർഡിൽ ഇന്ന് രാവിലെ 10ന് ആരംഭിക്കും. വ്യാഴാഴ്ച സമാപിക്കും. ശാലിനി, വിജയലക്ഷ്മി എന്നിവരാണ് ശില്പശാലയ്ക്ക് നേതൃത്വം നൽകുന്നത്. പ്രവേശനം സൗജന്യം.