സെലിബ്രിറ്റികളുടെ ചിത്രവുമായി ശബരിമല ദർശനം വേണ്ട

Tuesday 10 January 2023 12:23 AM IST

കൊച്ചി: സിനിമാ താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയ സെലിബ്രിറ്റികളുടെ പോസ്റ്ററുകളും വലിയ ഫോട്ടോകളുമായി പതിനെട്ടാം പടി കയറാനോ സന്നിധാനത്ത് ദർശനം നടത്താനോ ഭക്തരെ അനുവദിക്കരുതെന്ന് ഹൈക്കോടതി.

അന്തരിച്ച കന്നട നടൻ പുനീത് രാജ്‌കുമാറിന്റെയും മറ്റും വലിയ ചിത്രങ്ങളുമായി ശബരിമലയിൽ ദർശനത്തിനെത്തുന്നവരുടെ ഫോട്ടോകൾ ഒരു അയ്യപ്പ ഭക്തൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് അയച്ചിരുന്നു. ഇതേത്തുടർന്ന് സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. പ്രതിദിനം 80,000 - 90,000 ഭക്തർ ദർശനത്തിനെത്തുമ്പോൾ ഒരു മിനിട്ടിൽ 70 - 80 ഭക്തരെ പതിനെട്ടാം പടിയിലൂടെ

സന്നിധാനത്തേക്ക് കടത്തി വിടേണ്ടതുണ്ട്. ഇതിനു തടസമാകുന്ന തരത്തിൽ വലിയ ഫോട്ടോകളും പോസ്റ്ററുകളുമായി എത്താൻ ഭക്തരെ അനുവദിക്കരുത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾക്ക് അനുസരിച്ച് ദർശനം നടത്താനും ആരാധിക്കാനും ഭക്തർക്ക് അവസരം ഉറപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും ശബരിമല ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറും നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

സോപാനത്തിനു മുന്നിൽ

വാദ്യമേളവും വേണ്ട

സന്നിധാനത്ത് സോപാനത്തിനു മുന്നിൽ ഡ്രമ്മോ സമാന സംഗീത ഉപകരണങ്ങളോ വായിക്കാൻ ഭക്തരെ അനുവദിക്കരുതെന്ന് ഹൈക്കോടതി. ശിവമണി സോപാനത്തിനു മുന്നിൽ ഡ്രം വായിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ദർശനത്തിനെത്തുന്ന ഭക്തർക്ക് തടസമാകും വിധത്തിൽ ഇത്തരം പരിപാടികൾ സോപാനത്തിനു മുന്നിൽ അനുവദിക്കാൻ പാടില്ലായിരുന്നുവെന്ന് ദേവസ്വം ബോർഡും വ്യക്തമാക്കി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ബോർഡ് നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

Advertisement
Advertisement