ജി.എസ്.ടി നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് 'അമ്മ'
Tuesday 10 January 2023 12:00 AM IST
കൊച്ചി: ജി.എസ്.ടി കുടിശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് താരസംഘടനയായ അമ്മ അറിയിച്ചു. ജി.എസ്.ടി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിശദീകരണങ്ങളാണ് ചോദിച്ചതെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
കഴിഞ്ഞ വർഷമാണ് അമ്മ ജി.എസ്.ടി രജിസ്ട്രേഷൻ നേടിയത്. ജി.എസ്.ടി നിലവിൽ വന്ന 1987 മുതൽ സ്റ്റേറ്റ്മെന്റ് സമർപ്പിക്കുന്നതായി അറിയിച്ചിട്ടുണ്ട്. പുതിയ അംഗങ്ങളെ ചേർക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന്റെ ജി.എസ്.ടി അടയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടി.വി ചാനലുകളുമായി സഹകരിച്ച് അമ്മ സംഘടിപ്പിക്കുന്ന താരനിശകളിലെ വരുമാനത്തിന്റെ ജി.എസ്.ടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജി.എസ്.ടി വകുപ്പ് നോട്ടീസ് നൽകിയതായാണ് റിപ്പോർട്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.