ഇനി തെറിക്കുന്നവരിൽ പോക്സോ പ്രതികളും
തിരുവനന്തപുരം: ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതികളായ 58പൊലീസുകാരെക്കൂടി പിരിച്ചുവിടാനുള്ള നടപടി തുടങ്ങിയതായി പൊലീസ് ആസ്ഥാനം അറിയിച്ചു. ഇക്കൂട്ടത്തിൽ പീഡനം, വധശ്രമ കേസുകളിലെ പ്രതികളും കുട്ടികളെ ഉപദ്രവിച്ചതിന് പോക്സോ കേസ് നേരിടുന്നവരുമുണ്ട്. മോഷണം മുതൽ വധശ്രമം വരെ കേസുകളിൽ പ്രതികളായി മാെത്തം 828 പൊലീസുകാരുണ്ട്. ഇവരിൽ ഗുരുതര കേസിൽ പെട്ടവരെയാണ് പിരിച്ചുവിടുക.
സി.ഐ റാങ്ക് വരെയുള്ളവരെ സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവികൾക്കും പിരിച്ചുവിടാം. അതിനു മുകളിലുള്ളവർക്കെതിരെ ആഭ്യന്തരവകുപ്പാണ് ഉത്തരവിറക്കേണ്ടത്. ഓരോരുത്തരുടെയും കുറ്റകൃത്യങ്ങളും കോടതി നടപടികളും നേരിട്ട വകുപ്പുതല നടപടികളും വിലയിരുത്തിയാവും ഉത്തരവിറക്കുക. ഏഴു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിലെ പ്രതികളെ തത്കാലം പിരിച്ചുവിടില്ല. അടിപിടി പോലുള്ള ക്രിമിനൽകേസുകളിൽ പ്രതികളായവരെയും പിരിച്ചുവിടില്ല.
പിരിച്ചുവിടുന്നത്
ഈ കുറ്റങ്ങൾക്ക്
സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കൽ
ലൈംഗിക പീഡനം, കസ്റ്റഡി മരണം
സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനം
ജീവപര്യന്തമോ 10വർഷം തടവോ കിട്ടാവുന്ന കുറ്റം
ഒരേ കുറ്റം വീണ്ടും ആവർത്തിക്കൽ
ക്രിമിനൽ പൊലീസ്
പ്രതിയായ കേസ്
200ലേറെ പേർക്കെതിരേ ഗാർഹിക പീഡനം
100 ൽ അധികംപേർക്കെതിരെ സ്ത്രീധന പീഡനം
15പേർക്കെതിരെ വധശ്രമക്കേസ്
70പേർക്കെതിരെ പീഡനക്കേസ്
10 ഓളം പേർക്കെതിരെ പോക്സോ കേസ്,
60പേർക്കെതിരെ ഭീഷണിപ്പെടുത്തൽ കേസ്
പലവിധ കുറ്റകൃത്യങ്ങൾ
സ്ഫോടകവസ്തു ഉപയോഗിച്ച് അനധികൃത ക്വാറി നടത്തിപ്പ്, വയർലെസ് കൊണ്ട് പരാതിക്കാരന്റെ തലയ്ക്കടിക്കൽ, എ.ടി.എം ഡിസ്‌പ്ലേ തകർക്കൽ, ഇൻസ്പെക്ടറുടെ കള്ളയൊപ്പിട്ട് വ്യാജരേഖയും കൈക്കൂലിയും
പണംവച്ച് ചീട്ടുകളി, കെ.എസ്.ആർ.ടി.സി ബസിനും ആംബുലൻസിനും കേടുപാടുണ്ടാക്കൽ, സൈബർ കുറ്റകൃത്യങ്ങൾ, മദ്യപിച്ചു ബഹളം, മോഷണം, വഞ്ചന, കുതിരയെ മുറിവേൽപ്പിക്കൽ
പിരിച്ചുവിടുംമുമ്പ്
4 നടപടികൾ
ഉദ്യോഗസ്ഥനെതിരേ അന്തിമമായി വകുപ്പുതല അന്വേഷണം നടത്തണം
പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ നോട്ടീസ് നൽകണം
അഭിഭാഷകനുമൊത്ത് ഹിയറിംഗിന് ഹാജരാവാൻ അവസരമൊരുക്കണം
സ്വന്തം ഭാഗം ബോധിപ്പിക്കാൻ തെളിവുകളും സാക്ഷികളെയും ഹാജരാക്കാം
'' 55,000 അംഗങ്ങളുള്ള സേനയിൽ ക്രിമിനൽ കേസുള്ളവർ 1.56 ശതമാനമാണ്. 98.44 ശതമാനം പേരും കുറ്റകൃത്യങ്ങളിൽ പെടാത്തവരാണ്.''
-പിണറായി വിജയൻ
മുഖ്യമന്ത്രി
(നിയമസഭയിൽ പറഞ്ഞത്)
ഹോട്ടലിൽ ഭാര്യയെന്ന് സുനു, അവിവാഹിതയെന്ന് പൊലീസ്
തിരുവനന്തപുരം: പൊലീസ് അക്കാഡമിയിൽ ജോലി ചെയ്യവേ, പട്ടികജാതിക്കാരിയും അവിവാഹിതയുമായ യുവതിയെ ഹോട്ടൽ മുറിയിൽ കൊണ്ടുപോയത് ഗുരുതര കുറ്റകൃത്യമാണെന്ന് വിലയിരുത്തിയാണ് സി.ഐ സുനുവിനെ ഡി.ജി.പി പിരിച്ചുവിട്ടത്. എന്നാൽ ഹോട്ടലിലുണ്ടായിരുന്നത് ഭാര്യയായിരുന്നെന്നും തൃശൂർ ഈസ്റ്റ് പൊലീസ് പ്രാഥമിക അന്വേഷണം നടത്താതെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും സുനു ഹിയറിംഗിൽ വാദിച്ചു. ഇത് തെളിയിക്കപ്പെട്ട കുറ്റകൃത്യമാണെന്നും തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം നൽകിയിട്ടുണ്ടെന്നുെം ഡി.ജി.പി വ്യക്തമാക്കി. സർക്കാരുദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിലെ റൂൾ മൂന്നിന്റെ ലംഘനമാണ് സുനു നടത്തിയത്. ഗുരുതരമായ പെരുമാറ്റദൂഷ്യമുള്ളയാൾക്ക് പൊലീസിൽ തുടരാനാവില്ലെന്നും ഡി.ജി.പി വ്യക്തമാക്കി. പിരിച്ചുവിടാനുള്ള കാരണമായി ഈ കേസ് പരിഗണിക്കുന്നത് കോടതിയലക്ഷ്യമാണെന്നായി സുനുവിന്റെ അടുത്ത വാദം. എന്നാൽ ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും നിരവധി കേസുകളുണ്ടെന്ന് ഡി.ജി.പി വ്യക്തമാക്കി. യുവതിയുടെ പരാതിയിലെടുത്ത കേസിൽ നിന്ന് രക്ഷപ്പെടാൻ സുനു ഭാര്യയെ സാക്ഷിയാക്കി മാറ്റി. താൻ മലബാർ ടൗൺ ഹോട്ടലിലെ മുറിയിൽ താമസിക്കുമ്പോൾ പരാതിക്കാരി രണ്ടുവട്ടം കാണാനെത്തിയിട്ടുണ്ടെന്നായിരുന്നു ഭാര്യയുടെ മൊഴി. വകുപ്പുതല അന്വേഷണ വേളയിൽ രേഖപ്പെടുത്തിയ മൊഴികളും ശേഖരിച്ച തെളിവുകളും പരിശോധിച്ച ഡി.ജി.പി, സുനുവിന്റെയും ഭാര്യയുടെയും മൊഴികൾ കളവാണെന്ന് കണ്ടെത്തി. പൊലീസ് അക്കാഡമിയിലെ ഡിവൈ.എസ്.പി, ഇൻസ്പെക്ടർ, ഹോട്ടലിലെ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് എന്നിവരുടെ മൊഴികൾ സുനുവിന്റെ വാദത്തിനെതിരാണ്. ഈ കുറ്റത്തിന് രണ്ട് വാർഷിക ശമ്പള വർദ്ധന തടയാനുള്ള ശിക്ഷയ്ക്കെതിരെസുനു അപ്പീൽ നൽകിയിട്ടില്ലെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടി. ചികിത്സയിലാണെന്ന കാരണത്താൽ ജനുവരി 3ന് നിശ്ചയിച്ച ഡി.ജി.പിയുടെ ഹിയറിംഗിൽ സുനു ഹാജരായില്ല. 5ന് ഓൺലൈനിൽ ഹിയറിംഗ് നടത്തിയാണ് പിരിച്ചുവിടൽ തീരുമാനമെടുത്തത്. സുനുവിന്റെ മുൻകാല ചരിത്രം സേനയിൽ തുടരാൻ അദ്ദേഹത്തെ അനർഹനാക്കുന്നെന്ന് ഡി.ജി.പി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പൊലീസിന്റെ അധികാരമുപയോഗിച്ച് പീഡനത്തിന് ശ്രമിച്ചെന്നത് ഗൗരവമേറിയതാണ്. മിക്കയിടത്തും പരാതി നൽകാനെത്തിയവരെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഒരു കേസിൽ റിമാൻഡിലാവുകയും ചെയ്തു. അതിനാലാണ് പിരിച്ചുവിടൽ നടപടിയെന്ന് ഡി.ജി.പി ആഭ്യന്തരവകുപ്പിനെ അറിയിച്ചു.