കെ.എസ്.ആർ.ടി.സിക്ക് ആശ്വാസം, ബസിലെ പരസ്യവിലക്ക് മരവിപ്പിച്ച് സുപ്രീംകോടതി

Tuesday 10 January 2023 12:29 AM IST

ന്യൂഡൽഹി: മറ്റ് വാഹന ഡ്രൈവർമാരുടെയും കാൽനടക്കാരുടെയും ശ്രദ്ധതിരിക്കും വിധം പരസ്യം പതിക്കില്ലെന്ന ഉറപ്പ് സ്വീകരിച്ച സുപ്രീംകോടതി, ബസിൽ പരസ്യം നിരോധിച്ചുള്ള ഹൈക്കോടതി ഉത്തരവ് മരവിപ്പിച്ചത് കെ.എസ്.ആർ.ടി.സിക്ക് ആശ്വാസമായി. ബസിന്റെ വശങ്ങളിലും പിൻഭാഗത്തും മാത്രമേ പരസ്യം പതിക്കൂവെന്നും സുപ്രീംകോടതി നിർദ്ദേശപ്രകാരം സമർപ്പിച്ച സ്കീമിൽ പറയുന്നു.

നഷ്ടത്തിൽ നട്ടംതിരിയുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ സർവീസിതര വരുമാനമാർഗ്ഗമാണ് ബസിലെ പരസ്യം. എന്നാൽ, സ്വകാര്യ ബസുകളുടെ രൂപമാറ്റം വിലക്കണമെന്ന ഹർജികൾ പരിഗണിക്കെ കെ.എസ്.ആർ.ടി.സി ബസുകളിലെ പരസ്യത്തിനും ഹൈക്കോടതി വിലക്ക് വന്നു. ഇതിനെതിരെ കോർപ്പറേഷൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

പുതിയ സ്കീം സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് തേടി കോടതി നോട്ടീസ് അയച്ചു. റിപ്പോർട്ട് ലഭിക്കും വരെ ഹൈക്കോടതി വിലക്ക് മരവിപ്പിക്കുന്നതായി ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. റിപ്പോർട്ട് കൂടി പരിഗണിച്ചാവും അന്തിമ വിധി. മുതിർന്ന അഭിഭാഷകൻ വി.ഗിരി, സ്റ്റാൻഡിംഗ് കോൺസൽ ദീപക് പ്രകാശ് എന്നിവരാണ് കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ഹാജരായത്.

പരസ്യം പരിശോധിക്കാൻ സമിതി

പരസ്യങ്ങൾ പരിശോധിച്ച് അനുമതി നൽകുന്നതിന് എം.ഡി അദ്ധ്യക്ഷനായി സമിതി രൂപീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി വിശദീകരിച്ചു. സമിതിയിൽ നാല് അംഗങ്ങളുണ്ടാകും. കെ.എസ്.ആർ.ടി.സി ചീഫ് ലാ ഓഫീസർ, സീനിയർ മാനേജർ എന്നിവർക്ക് പുറമെ ഒരു സാങ്കേതിക അംഗവും. ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ വിരമിച്ച പി.ആർ.ഡി ഉദ്യോഗസ്ഥനോ മുതിർന്ന മാദ്ധ്യമ പ്രവർത്തകനോ ആകും സാങ്കേതിക സമിതി അംഗം.

പരാതി പരിഹാര സെൽ

ബസുകളിൽ പതിക്കുന്ന പരസ്യം സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതി പരിശോധിക്കാൻ റിട്ട. ഹൈക്കോടതി ജഡ്ജി അദ്ധ്യക്ഷനായി പ്രത്യേക സെൽ രൂപീകരിക്കും. കെ.എസ്.ആർ.ടി.സി ചീഫ് ലാ ഓഫീസറും സീനിയർ മാനേജറും അംഗങ്ങളായിരിക്കും. പരാതികളിൽ സമയബന്ധിതമായി തീർപ്പ് കൽപ്പിക്കും.