ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു, ലൈസൻസ് ഇല്ലാത്ത കടകൾ പൂട്ടി
പാലക്കാട്: സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനയുടെ ഭാഗമായി പാലക്കാട് ജില്ലയിൽ ഇന്നലെ മൂന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ആമയൂരിലെ എ.എം.സ്റ്റോർസ്, അൽഷബ റെസ്റ്റോറന്റ്, കൊന്നഞ്ചേരിയിലെ ഫ്രണ്ട്സ് ഹോട്ടൽ എന്നിവയാണ് അടച്ചത്.
42 സ്ഥാപനങ്ങൾ പരിശോധിച്ചു. 20 എണ്ണത്തിന് നോട്ടീസ് നൽകി. 13 എണ്ണത്തിന് പിഴയിട്ടു. 4 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഭക്ഷ്യ സുരക്ഷ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ ഉടൻ അപേക്ഷിക്കണം. അല്ലാത്ത പക്ഷം സ്ഥാപനം അടച്ചു പൂട്ടുകയും നിയമ നടപടികൾ നേരടേണ്ടിവരുമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. പഞ്ചായത്ത് ലൈസൻസ്, ഐ.ഡി കാർഡ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, വെള്ളം പരശോധിച്ച റിപ്പോർട്ട് എന്നിവയാണ് ഭക്ഷ്യ സുരക്ഷ ലൈസൻസ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കാം. ലൈസൻസ് കച്ചവടക്കാരന്റെ മെയിലിൽ ലഭിക്കും. നിയമ നടപടികൾ എടുക്കുന്നതിനു മുൻപ് ലൈസൻസ് അപേക്ഷകൾ സമർപ്പിക്കണമെന്ന് അസിസ്റ്റന്റ് കമ്മിഷണർ നിർദേശിച്ചു.
നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
പാലക്കാട് നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. ഭക്ഷ്യ വിഷബാധയേറ്റുള്ള മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നാടൊട്ടുക്കും പരിശോധനകൾ തുടരുന്നതിനിടെയാണ് പാലക്കാട് നഗരത്തിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയത്. സുൽത്താൻ ഓഫ് ഫ്ലേവേഴ്സ്, ഹോട്ടൽ ഗ്രാൻഡ്, ചോയ്സ് കാറ്ററിംഗ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്. ഹോട്ടലുകൾക്ക് നോട്ടീസ് നൽകി സീൽ ചെയ്തു.