ചേമ്പില നൽകി, റെജിക്ക് ഗിന്നസ് റെക്കാഡ് ,​ 114 സെ.മീ നീളം,​ 94 സെ.മീ വീതി

Tuesday 10 January 2023 4:30 AM IST

തിരുവനന്തപുരം: 114 സെന്റിമീറ്റർ നീളവും 94 സെന്റിമീറ്റർ വീതിയുമുള്ള ചേമ്പില പത്തനംതിട്ട റാന്നിയിലെ കർഷകൻ റെജി ജോസഫിന് നേടിക്കൊടുത്തത് ഗിന്നസ് ലോകറെക്കാ‌ഡ്.

റെജി നേടുന്ന ആദ്യ റെക്കാഡല്ലിത്. 5 കിലോ തൂക്കമുള്ള മുക്കിഴങ്ങും, ഒരു ചെടിയിൽ നിന്ന് 17 കിലോ മഞ്ഞളും ഉത്പാദിപ്പിച്ച് യൂണിവേഴ്സ്ൽ റെക്കാഡ് ഫോറത്തിന്റെ (യു.ആർ.എഫ് ) റെക്കാഡ് നേടി. നീളം കൂടിയ ചേമ്പ് ഉത്പാദിപ്പിച്ച് 2013ലും നീളം കൂടിയ വെണ്ടക്കയ്ക്ക് 2014ലും ലിംക ബുക്കിലും കയറി. ഒറീസക്കാരൻ ജയറാം റാണയുടെ പേരിലായിരുന്നു ഇതിനു മുമ്പ് ചെമ്പില റെക്കാഡ്. ഗിന്നസ് റെക്കാഡ് റെജി കഴിഞ്ഞ ദിവസം ഏറ്റുവാങ്ങി.

കേബിൾ ടി.വി ഓപ്പറേറ്റർ കൂടിയാണ് റെജി ജോസഫ്. സ്വന്തമായി രണ്ടേക്കർ റബറുണ്ട്. ഒന്നര ഏക്കർ പാട്ടത്തിനെടുത്താണ് മറ്റു വിളകൾ കൃഷിചെയ്യന്നത്. വിവിധ ഇനം ചേന, ചേമ്പ്, 15 ഇനം മറ്റു കിഴങ്ങുവർഗ്ഗങ്ങൾ, 20 ഇനം മഞ്ഞൾ, 3 ഇനം മരച്ചീനി, വാഴ എന്നിവ കൃഷിചെയ്യുന്നു. റാന്നി കടക്കേത്ത് വീട്ടിൽ പരേതരായ കെ.യു. ജോസഫ്, ഏലിയാമ്മ ജോസഫ് ദമ്പതികളുടെ മകനാണ്. ഭാര്യ സുനി റെജി. മക്കൾ എൽഡ, എമിൽഡ

ജൈവ കൃഷി അടിവളമിട്ട് ഒരുമാസം കാത്ത് മണ്ണ് പരുവപ്പെട്ട ശേഷമാണ് വിത്തിറക്കൽ  ഗുണനിലവാരം നോക്കി തിരഞ്ഞെടുക്കുന്ന വിത്താണ് നടന്നത്  കൃത്യ ഇടവേളകളിൽ ജൈവവള പ്രയോഗം. രണ്ടു നേരം നനയ്‌ക്കും