അരവണയ്ക്കുള്ള ഏലക്കയിലെ കീടനാശിനി: ഹർജി മാറ്റി
Tuesday 10 January 2023 12:33 AM IST
കൊച്ചി: ശബരിമലയിൽ അരവണനിർമ്മാണത്തിനുപയോഗിക്കുന്ന ഏലക്കയിൽ സുരക്ഷിതമല്ലാത്ത വിധം കീടനാശിനിയുടെ സാന്നിദ്ധ്യമുണ്ടെന്ന ഹർജിയിൽ ഇവയുടെ പരിശോധനാ ഫലം ഇന്നലെ ലഭിച്ചില്ല. കേന്ദ്രസർക്കാരിന്റെ അംഗീകാരമുള്ള കൊച്ചിയിലെ ലാബിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാനാണ് നേരത്തെ ഹർജിയിൽ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നത്. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ റിപ്പോർട്ട് ലഭ്യമായില്ലെന്നും ഇന്നു ലഭിക്കുമെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ അറിയിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതി ഹർജി ഇന്നു പരിഗണിക്കാൻ മാറ്റി. ഏലക്കയിൽ സുരക്ഷിതമല്ലാത്ത വിധത്തിൽ കീടനാശിനി അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് അയ്യപ്പ സ്പൈസസ് കമ്പനി ഉടമ എസ്. പ്രകാശ് നൽകിയ ഹർജി ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്.