പക്ഷിപ്പനിയെ പടിക്ക് പുറത്തുനിർത്താൻ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നടപടികൾ ആരംഭിച്ചു
കൊച്ചി: കോട്ടയം ചെമ്പ് പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ എറണാകുളം ജില്ല മുൻകരുതൽ നടപടികൾ തുടങ്ങി.
ജില്ലയുടെ അതിർത്തി ഭാഗത്തെ പക്ഷികളെ (കോഴി, താറാവ്, ലൗ ബേഡ്‌സ് തുടങ്ങിയവ) കൊന്നശേഷം ശാസ്ത്രീയമായി മറവു ചെയ്തു.
ചെമ്പ് പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന ഉദയംപേരൂർ, ആമ്പല്ലൂർ പഞ്ചായത്തുകളുടെ വിവിധ വാർഡുകളിലായി അറുപതിലേറെ പക്ഷികളെയാണ് ആദ്യഘട്ടത്തിൽ കൊന്നത്. ഈ പ്രദേശത്തിന് പത്ത് കിലോമീറ്റർ ചുറ്റളവിൽ പക്ഷിയിറച്ചി, മുട്ട മുതലായവയുടെ വില്പന ആരോഗ്യ വിഭാഗം നിരോധിച്ചു.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് വിവരം. ഇന്നലെയും മുളന്തുരുത്തിയിലും പൂത്തോട്ടയിലും വിലയേറിയ അലങ്കാരപ്പക്ഷികളെ വളർത്തി വിൽക്കുന്ന കേന്ദ്രങ്ങളിലും ഫാമുകളിലും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ചില ഫാമുകളിലെ പക്ഷികളെ പരിശോധന ഭയന്ന് ഉടമകൾ മാറ്റിയിട്ടുണ്ട്. ഇത് പ്രശ്നം രൂക്ഷമാക്കുമെന്ന ഭീതി സൃഷ്ടിക്കുന്നു. പരിശോധനാ ഫലങ്ങൾ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല.
നേരത്തെ, ചെമ്പ് കാട്ടിക്കുന്ന് ഭാഗത്തെ കർഷകന്റെ താറാവുകൾ ചത്തതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് ആറാം തീയതി പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സ്ഥലത്തെ 271 താറാവുകളെ കൊന്നിരുന്നു.
നഷ്ടപരിഹാരം ഇങ്ങനെ
കൊന്നൊടുക്കുന്ന വളർത്തുപക്ഷികളിൽ രണ്ട് മാസത്തിൽ താഴെ പ്രായമുള്ളവയ്ക്ക് 100 രൂപ, കൂടുതലുള്ളതിന് 200 രൂപ.
മുട്ടയൊന്നിന് എട്ട് രൂപ. തീറ്റ കിലോയ്ക്ക് 22 രൂപ.
സ്‌പോട്ട് മഹസർ തയാറാക്കുന്ന വേളയിൽ തന്നെ കർഷകർ മൃഗസംരക്ഷണ വകുപ്പിന് വിവരം നൽകണം. ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറണം.
ജാഗ്രതാ നിർദേശം
ആശങ്ക വേണ്ടെങ്കിലും കരുതൽ വേണം. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണം.
പനിയും മറ്റു രോഗലക്ഷണങ്ങളും ഉള്ളവരെ ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലുള്ളവർക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാൽ ഡോക്ടറെ അറിയിക്കണം.
ഉദയംപേരൂർ, ആമ്പല്ലൂർ ഗ്രാമ പഞ്ചായത്തുകളിൽ കോഴി, താറാവ്, കാട എന്നിവയുടെ ഇറച്ചി, മുട്ട തുടങ്ങിയവയുടെ വില്പന നിർത്തിവെയ്ക്കണം.
ഉദയംപേരൂർ പഞ്ചായത്തിന്റെ തെക്കേ അറ്റത്ത് വാർഡ് എട്ടിൽ ജങ്കാർ ജെട്ടി മുതൽ പഴമ്പിള്ളിൽ റോഡ് വരെ തെക്കുഭാഗത്തുള്ള പ്രദേശങ്ങളുടെ
10 കിലോ മീറ്റർ ചുറ്റളവിൽ വളർത്തുപക്ഷി ഇറച്ചി, മുട്ട മുതലായവയുടെ വില്പന പാടില്ല.
ആമ്പല്ലൂർ, ഉദയംപേരൂർ പഞ്ചായത്തുകൾ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
മറ്റു പ്രദേശങ്ങളിൽ നിന്നു രോഗബാധിത മേഖലകളിലേക്ക് പക്ഷികളെ കൊണ്ടുവരുന്നത് നിർത്താനും ആരോഗ്യ വകുപ്പ് ഉത്തരവ്.