ലോറിയിൽ നിന്ന് നേരിട്ട് ഗ്യാസ് വിതരണം, ഉദ്യോഗസ്ഥർ കൈയോടെ പൊക്കി
കൊല്ലം: കാവനാട് ബൈപാസിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന ഗ്യാസ് കാരിയറിൽ നിന്ന് 93 ഗ്യാസ് സിലിണ്ടറുകൾ പൊതുവിതരണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. തുടർന്ന് പരിസരത്ത് നടത്തിയ പരിശോധനയിൽ കാവനാട് പൂവൻപുഴയിലുള്ള ജയകുമാറിന്റെ വീട്ടിൽ നിന്ന് 15 വാണിജ്യസിലിണ്ടറുകളും കണ്ടെടുത്തു.
കളക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ സപ്ലൈ ഓഫീസറുടെ നിർദ്ദേശ പ്രകാരമാണ് താലൂക്ക് സപ്ലൈ ഓഫീസർ ജി.എസ് ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയത്. ഈ വാഹനം ദിവസങ്ങളായി സ്ഥലത്ത് പാർക്ക് ചെയ്ത് മറ്റ് വാഹനങ്ങൾ വഴി ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്തുവരികയായിരുന്നു. യഥാർത്ഥ നിരക്കിനെക്കാൾ കൂടുതൽ ഈടാക്കിയാണ് വിതരണമെന്ന് കരുതുന്നു. റേഷനിംഗ് ഇൻസ്പക്ടർമാരായ ബിനി, ഉല്ലാസ് പ്രസാദ്, രാജി, സിന്ധു എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. പിടിച്ചെടുത്ത സിലിണ്ടറുകൾ തൊട്ടടുത്ത ഗ്യാസ് ഡീലറുടെ ഗോഡൗണിലേക്ക് മാറ്റി.