ആന ആക്രമിച്ചു;​ മയക്കുവെടി വിദഗ്ദ്ധന് പരിക്ക്; കൊലയാളി പി.എം 2നെ തളച്ച് കൊട്ടിലിലടച്ചു

Tuesday 10 January 2023 1:21 AM IST

കൽപ്പറ്റ: തമിഴ്നാട് ഗൂഡല്ലൂരിൽ നിന്നെത്തി സുൽത്താൻ ബത്തേരിയിൽ ഭീതിപരത്തി വിലസിയ കൊലയാളി മോഴ അരിശിരാജയെ (പി.എം 2)​ വനം വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് മയക്കുവെടിവച്ച് പിടികൂടി മുത്തങ്ങയിൽ സജ്ജമാക്കിയ കൊട്ടിലിലടച്ചു. ഇതിനിടെ ആനയുടെ ആക്രമണത്തിൽ മയക്കുവെടി വിദഗ്ദ്ധനും ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുമായ ഡോ.അരുൺ സക്കറിയയ്ക്ക് പരിക്കേറ്റു.

മോഴയാന കൂടിന്റെ ഇടയിലൂടെ തുമ്പിക്കൈ നീട്ടി അരുണിന്റെ വലതുകാലിൽ പിടിച്ചു വലിച്ചു. കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്.

മണൽവയൽ, മുണ്ടൻകൊല്ലി ഭാഗത്തായിരുന്നു ഇന്നലെ രാവിലെ ആനയെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന കൊമ്പനെ കുങ്കിയാനകളുടെ സഹായത്താൽ മോഴയിൽ നിന്ന് അകറ്റിയശേഷം അരുൺ സക്കറിയ മയക്കുവെടിവയ്ക്കുകയായിരുന്നു. രണ്ട് ഡോസാണ് നൽകിയത്. വെടിയേറ്റ ഉടൻ ആന മുന്നോട്ട് കുതിച്ച് നിലയുറപ്പിച്ചു. മയക്കം വന്നതോടെ കുങ്കിയാനകളായ സൂര്യനും സുരേന്ദ്രനും ഇരുവശങ്ങളിലുമായി താങ്ങിനിറുത്തി. ജെ.സി.ബി ഉപയോഗിച്ച് വഴിയുണ്ടാക്കിയാണ് ലോറിയിൽ വനത്തിന് പുറത്തെത്തിച്ചത്. ഉച്ചയ്ക്ക് 12.30ന് ആനയെ കൊട്ടിലിൽ കയറ്റി. തമിഴ്നാട് വനസേന ഡിസംബറിൽ മയക്കുവെടിവച്ചു പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ച് സത്യമംഗലം വനത്തിൽ വിട്ട ആനയാണ് 170 കിലോമീറ്റർ താണ്ടി ബത്തേരിയിലെത്തിയത്. വെള്ളിയാഴ്ച പുലർച്ചെ ബത്തേരി നഗരത്തിലൂടെ നടന്നുപോകുകയായിരുന്ന സുബൈർകുട്ടിയെ തുമ്പിക്കൈകൊണ്ട് തട്ടിയെറിഞ്ഞു. വീണ്ടും ജനവാസമേഖലയിൽ എത്തിയതോടെയാണ് മയക്കുവെടിവച്ച് പിടിക്കാൻ തീരുമാനിച്ചത്.

പാലക്കാട് ധോണിയിൽ ഭീഷണിയായ പി.ടി.സെവൻ എന്ന കാട്ടുകൊമ്പനെ പാർപ്പിക്കാനായാണ് മുത്തങ്ങയിൽ വലിയ ആനപ്പന്തി ഒരുക്കിയത്. പി.ടി സെവന് പാലക്കാട്ടു തന്നെ കൂടൊരുക്കാൻ പിന്നീട് തീരുമാനാനിച്ചു. മുത്തങ്ങയിലെ കൂട്ടിൽ പി.എം 2നെ കയറ്റുകയും ചെയ്തു. പതിനഞ്ച് അടി നീളവും വീതിയും പതിനെട്ടടി ഉയരവും ഉളളതാണ് കൂട്. ഓപ്പറേഷൻ വയനാട് വൈൽഡ് ലൈഫ് വാർഡൻ അബ്ദുൾ അസീസാണ് ഇന്നലത്തെ ഓപ്പറേഷന് നേതൃത്വം നൽകിയത്.

പി.എം 2 ഇനി ചട്ടം പഠിക്കും

തമിഴ്നാട് പന്തല്ലൂരിൽ രണ്ട് പേരെ കൊല്ലുകയും നൂറോളം വീടുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട് പി.എം 2. അരിയാണ് ഇഷ്ടഭക്ഷണം. അത് കഴിക്കാനാണ് നാട്ടിലിറങ്ങുന്നത്. മോഴയെ കുങ്കിയാനകളെ ഉപയോഗിച്ച് മെരുക്കലാണ് ആദ്യ ഘട്ടം. തുടർന്ന് മുത്തങ്ങയിലെ ആനപ്പന്തിയിൽ ചട്ടം പഠിപ്പിക്കും. കൊലയാളികളായ കല്ലൂർ കൊമ്പനെ 2016ലും വടക്കനാട് കൊമ്പനെ 2018ലും മയക്കുവെടിവച്ച് പിടികൂടി ഇവിടെ എത്തിച്ച് നല്ലനടപ്പ് പഠിപ്പിച്ചിരുന്നു. ഇരുവരും ഇന്ന് ആനപ്പന്തിയിലെ പ്രമുഖ കുങ്കിയാനകളാണ്. കാടിറങ്ങുന്ന ആനകൾക്ക് പേടിസ്വപ്നവും.