പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വർക്കല ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി ആര്യ കൃഷ്ണയാണ് മരിച്ചത്. വർക്കല പുത്തൻചന്തയിലാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
പഠിക്കാൻ മിടുക്കിയായിരുന്നു ആര്യ. വിദ്യാർത്ഥിനിയ്‌ക്ക് ക്രിസ്മസ് പരീക്ഷയ്ക്ക് മാർക്ക് കുറവായിരുന്നെന്നും ഈ വിഷമത്തോടെയാണ് കുട്ടി സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോയതെന്നുമാണ് റിപ്പോർട്ടുകൾ. കുട്ടിയുടെ മാതാപിതാക്കൾ പഴയചന്ത ജംഗ്ഷനിൽ പച്ചക്കറി കട നടത്തിവരികയാണ്.
സ്‌കൂളിൽ നിന്നും പിതാവിന്റെ കടയിലേക്ക് പോയ പെൺകുട്ടിയെ അഞ്ചരയോടെ മൂത്തസഹോദരനാണ് വീട്ടിലേക്ക് കൊണ്ടുപോയത്. പിന്നീട് സഹോദരൻ തിരിച്ച് കടയിലേക്ക് പോയി. ആറ് മണിയോടെ മറ്റൊരു സഹോദരിയുമായി സഹോദരൻ തിരിച്ചുവന്നു. തുടർന്ന് നോക്കിയപ്പോൾ കുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുക്കളെ വിളിച്ച് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.