രവിപുരം ഗോവിന്ദൻ അവശനിലയിൽ

Wednesday 11 January 2023 3:20 AM IST

കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനകളിൽ പ്രധാനിയായ രവിപുരം ഗോവിന്ദൻ കരിങ്കൽപ്പൊടി തിന്ന് ഗുരുതരാവസ്ഥയിൽ. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം അധികൃതരുടെ അനാസ്ഥയാണ് കാരണം. ഇവിടെ ശീവേലിക്കെഴുന്നള്ളിച്ച ആന എരണ്ടകെട്ടുകാരണം അവശനാണ്. ഇന്നലെ വൈകിട്ട് ഗ്ളൂക്കോസ് കയറ്റാനും ആരംഭിച്ചു.

രക്തത്തിൽ അയണിന്റെ കുറവിന് ചികിത്സയിലായിരുന്നു ഗോവിന്ദൻ. ഇങ്ങിനെയുള്ള ആനകൾ മണ്ണ് തിന്നുന്നതിനാൽ സിമന്റ് തറകളിലാണ് കെട്ടുക. ക്ഷേത്രത്തിന് പടിഞ്ഞാറ് ഇരുമ്പുപാലത്തിന് അടുത്തുള്ള പാപ്പാന്മാരുടെ മുറിക്ക് സമീപത്തെ ടൈലിട്ട ഭൂമിയിൽ കെട്ടിയിരുന്ന ആനയെ നാലുദിവസം മുമ്പ് ക്ഷേത്രം മാനേജർ നിർബന്ധിച്ച് വടക്കുവശത്തുള്ള കരിങ്കൽപ്പൊടിയിട്ട് നിരപ്പാക്കിയ ഭാഗത്തേക്ക് മാറ്റിക്കെട്ടിച്ചെന്നാണ് ആരോപണം. പാപ്പാന്മാർ ഇക്കാര്യം പറഞ്ഞിട്ടും ഗൗനിച്ചില്ല. ചികിത്സയെ തുടർന്ന് ആന വിസർജിക്കുന്നതിൽ കരിങ്കൽപ്പൊടി നല്ല അളവിലുണ്ട്. ഇപ്പോൾ ഗോവിന്ദനെ വീണ്ടും പഴയ സ്ഥലത്തേക്ക് മാറ്റിക്കെട്ടി.

കോട്ടയത്തുനിന്നുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള തോട്ടുംചാലിൽ ബോലോനാഥ് എന്ന ആനയെ കൊണ്ടുവന്നാണ് ഇപ്പോൾ ക്ഷേത്രത്തിൽ നിത്യശീവേലി. വൃശ്ചികോത്സവത്തിനാണ് തൃശൂരിൽ നിന്ന് രവിപുരം ഗോവിന്ദനെ ക്ഷേത്രത്തിലേക്ക് എത്തിച്ചത്. നിത്യശീവേലിയുള്ള ഇവിടെ പിന്നെ തുടരുകയായിരുന്നു. ഈ സീസണിൽ നിരവധി എഴുന്നള്ളിപ്പുകൾക്ക് ബുക്കിംഗ് ഉള്ളതാണ് 65കാരനായ ഗോവിന്ദന്. ചികിത്സ ഫലിച്ചാലും ഇനി ഉടനെ എഴുന്നള്ളിപ്പ് സാദ്ധ്യമായേക്കില്ല.

''രവിപുരം ഗോവിന്ദന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളതായി റിപ്പോർട്ടില്ല. എങ്കിലും വിശ്രമത്തിലാണ്. വേണ്ട ചികിത്സകൾ നൽകുന്നുണ്ട്""

കൃഷ്ണൻകുട്ടി,

ജീവധനം ഓഫീസർ,

കൊച്ചിൻ ദേവസ്വം ബോർഡ്

Advertisement
Advertisement