വേണം കൂടുതൽ ആർ.ആർ.ടികൾ

Tuesday 10 January 2023 7:35 PM IST

പാലക്കാട്: വന്യമൃഗശല്യം പരിഹരിക്കാൻ ജില്ലയിൽ കൂടുതൽ ദ്രുത പ്രതികരണ സേനകൾ (ആർ.ആർ.ടി) വേണമെന്ന ആവശ്യം ശക്തം. കാടിറങ്ങുന്ന ആനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ കാടിനുള്ളിൽ തന്നെ നിലനിറുത്താൻ വനംവകുപ്പിന് സാധിക്കുന്നില്ല. ജീവനക്കാരുടെ കുറവാണ് തിരിച്ചടിയാകുന്നത്. ഇതോടെയാണ് ജില്ലയിൽ കൂടുതൽ ആർ.ആർ.ടികൾ വേണമെന്ന ആവശ്യം ഉയരാനുള്ള കാരണം.

മൃഗങ്ങളെ രക്ഷിക്കുന്നതും ഓടിക്കുന്നതുമെല്ലാം വനം വകുപ്പിലെ പ്രത്യേക വിഭാഗമായ ഈ യൂണിറ്റിന്റെ ചുമതലയാണ്. ജീവനക്കാരുടെ കുറവുമൂലം ജോലിഭാരമുള്ള യൂണിറ്റുകളായി ആർ.ആർ.ടികൾ മാറിയിട്ടുണ്ട്. കൂടുതൽ സാമ്പത്തിക ബാദ്ധ്യതയില്ലാതെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണമൊരുക്കാൻ കൂടുതൽ ആർ.ആർ.ടികൾ രൂപീകരിക്കാൻ കഴിയുമെന്ന്‌ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ നിർദേശിച്ചിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് നേരത്തേ സി.സി.എഫിന്‌ നൽകിയിരുന്നു.

ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് 60 സൂപ്പർ ന്യുമററി തസ്കികയിൽ വിന്യാസം നടക്കാനിരിക്കുകയാണ്.

ഇവരിൽ കുറച്ചുപേരെ ആർ.ആർ.ടി രൂപീകരിച്ച് പോസ്റ്റ് ചെയ്‌താൽ മതിയാകും. വാഹനം നൽകാൻ എം.എൽ.എമാർ തയ്യാറാണ്. നിലവിലെ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗംപേരും ഉയർന്ന ഗ്രേഡുകാരാണ്. വാച്ചർമാരുടെ എണ്ണവും സ്ഥിരപ്പെട്ടവരും അല്ലാത്തവരുമായി കൂടുതലെന്ന് റിപ്പോർട്ടിൽ പറയുന്നു. പുതിയ നിയമനം നടത്തി സാമ്പത്തിക ബാധ്യതയ്‌ക്ക് പിറകെ പോകേണ്ടതില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എല്ലാ റേഞ്ചിലും ആർ.ആർ.ടി ഉണ്ടെങ്കിൽ റെസ്ക്യൂ ഓപ്പറേഷൻ ഉൾപ്പെടെ സുഗമമായി നടക്കും.

12 യൂണിറ്റുകൾ വേണം

ജില്ലയിൽ നിലവിൽ വനംവകുപ്പിന് ഒരു ആർ.ആർ.ടി യൂണിറ്റ് മാത്രമാണുള്ളത്. ഒലവക്കോട് കേന്ദ്രീകരിച്ചാണ് അതിന്റെ പ്രവർത്തനം. അഗളിയിലും മണ്ണാർക്കാട്ടും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന താത്കാലിക ആർ.ആർ.ടികളാണുള്ളത്. ജില്ലയിൽ എവിടെയും ഓടിയെത്തേണ്ടത്‌ ഒലവക്കോട്ടു നിന്നാണ്. വനവിസ്തൃതി കൂടുതലുള്ള പാലക്കാട്ട്‌ ചുരുങ്ങിയത് 12 ആർ.ആർ.ടികളെങ്കിലും രൂപീകരിക്കേണ്ടതുണ്ടെന്ന് മൂന്ന് ദിവസം മുമ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞിരുന്നു. വന്യമൃഗ ശല്യം കൂടുതലുള്ള വാളയാർ, മണ്ണാർക്കാട്, കൊല്ലങ്കോട്, അഗളി എന്നിവിടങ്ങളിലായി നാല് ആർ.ആർ.ടികളെങ്കിലും അടിയന്തരമായി രൂപീകരിക്കണമെന്നാണ് കർഷകർ ഉൾപ്പെടെയുള്ളവരുടെ ആവശ്യം.

ആർ.ആർ.ടിയിൽ

ഒരു ഡെപ്യുട്ടി റേഞ്ച് ഓഫീസർ, രണ്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ആറ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ, നാല് വാച്ചർമാർ, നാല് താത്കാലിക വാച്ചർ കം ഡ്രൈവർ എന്നതാണ് ഒരു ആർ.ആർ.ടി യൂണിറ്റ്.