സഞ്ചാരിപ്രവാഹം ശക്തം: നേട്ടംകൊയ്ത് ഹോട്ടലുകൾ

Wednesday 11 January 2023 3:36 AM IST

കൊച്ചി: ഹോട്ടൽമുറികളെല്ലാം നിറഞ്ഞു. റെസ്റ്റോറന്റുകളിൽ തിരക്കോടുതിരക്ക്. സഞ്ചാരികളുടെ പ്രവാഹം തുടരുന്നു. വിദേശങ്ങളിൽ നിന്ന് അന്വേഷണങ്ങൾ പെരുകി. കൊവിഡിന് ശേഷം ആദ്യമായി ഹോട്ടലുകളും റിസോർട്ടുകളും നിറഞ്ഞതിന്റെ ഉണർവിലാണ് ആതിഥ്യമേഖല.

ക്രിസ്‌മസ്, പുതുവർഷക്കാലത്ത് വൻവരുമാനമാണ് റിസോർട്ടുകളും ഹോട്ടലുകളും നേടിയത്. 700ലേറെ ക്ളാസിഫൈഡ് ഹോട്ടലുകൾ കൊവിഡിന് ശേഷം നേടിയ ഏറ്റവും വലിയ വരുമാനമാണിത്. കൊവിഡ് മൂലം മൂന്നുവർഷമായി പ്രതിസന്ധിയിലായിരുന്ന മേഖലയ്ക്ക് ഉണർവ് ലഭിച്ചത് കഴിഞ്ഞ സെപ്തംബർ മുതലാണ്. ആഭ്യന്തര സഞ്ചാരികൾ വർദ്ധിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മുറികൾ മാസങ്ങൾക്ക് മുമ്പേ ബുക്ക് ചെയ്യപ്പെട്ടിരുന്നു. മാർച്ചുവരെ ഭൂരിപക്ഷം ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ബുക്കിംഗുണ്ട്.

സഞ്ചാരികൾ മലയാളികൾ

കൊവിഡിന് ശേഷം മലയാളികളുടെ സഞ്ചാരം വർദ്ധിച്ചതാണ് തിരക്കിന് പ്രധാന കാരണം. രണ്ടും മൂന്നും ദിവസം കുടുംബസമേതം യാത്ര ചെയ്യുന്നവരാണ് കൂടുതൽ.

വടക്കേയിന്ത്യൻ സഞ്ചാരികളും ധാരാളമെത്തി. തണുപ്പും പ്രകൃതിഭംഗിയുമുള്ള പ്രദേശങ്ങളാണ് അവർ തിരഞ്ഞെടുക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി നീക്കാത്തതിനാൽ വിദേശികൾ കാര്യമായി എത്തിയില്ല.

ഉണരണം ബിസിനസ് ടൂറിസം

ബിസിനസ്, കൺവെൻഷൻ, പ്രദർശന ടൂറിസം ഉണർന്നിട്ടില്ല. ബിസിനസ് ആവശ്യങ്ങൾക്ക് സഞ്ചരിക്കുന്നവർ വർദ്ധിച്ചാലേ നഗരങ്ങളിലെ ഹോട്ടലുകൾക്ക് നേട്ടം ലഭിക്കൂ. ദേശീയ, അന്താരാഷ്ട്ര കൺവെൻഷനുകൾ, പ്രദർശനങ്ങൾ എന്നിവ കൊവിഡിന് ശേഷം കാര്യമായി നടന്നിട്ടില്ല. ബിസിനസ്, കൺവെൻഷൻ എന്നിവയും ടൂറിസം വകുപ്പ് പ്രോത്സാഹിപ്പിക്കണമെന്നാണ് ഹോട്ടലുകളുടെ ആവശ്യം.

''പ്രതീക്ഷ നൽകുന്ന അനുഭവമാണ് പുതുവർഷത്തിൽ ലഭിച്ചത്. വിദേശികളുടെ വരവ് വർദ്ധിച്ചാൽ നേട്ടമാകും. നഗരങ്ങളിൽ രാത്രിജീവിതം നടപ്പാക്കാൻ സർക്കാർ മുൻകൈയെടുത്താൽ ടൂറിസം, വ്യാപാര മേഖലകൾ വളരും""

ജോസ് പ്രദീപ്,​

കേരള ട്രാവൽമാർട്ട് സൊസൈറ്റി

''ടൂറിസത്തെ വ്യവസായമായി സർക്കാർ പ്രഖ്യാപിച്ചാൽ കൂടുതൽ വളർച്ചയുണ്ടാകും. 2023 പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ചൈനയിലെ കൊവിഡ് ആശങ്ക പരത്തുന്നു""

വി. സുനിൽകുമാർ

പ്രസിഡന്റ്,​

ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷൻ