മാസ്റ്റേഴ്സ് ഗ്രൂപ്പ് തട്ടിപ്പ്: മാർച്ചന്റ് നേവി ക്യാപ്ടന് നഷ്ടപ്പെട്ടത് 1.28 കോടി രൂപ
തൃക്കാക്കര: ഓഹരി നിക്ഷേപത്തട്ടിപ്പ് കേസിൽ എറണാകുളം സ്വദേശിയായ മർച്ചന്റ് നേവി ക്യാപ്ടന് നഷ്ടപ്പെട്ടത് 1.28 കോടി രൂപയെന്ന് പരാതി. പാലാരിവട്ടം പൊലീസിൽ ലഭിച്ച പരാതിയിൽ മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമ കാക്കനാട് മൂലേപ്പാടംറോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസിനെതിരെ കേസെടുത്തു. 56,38,045 രൂപ തട്ടിയ പരാതിയിൽ എബിൻ വർഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവർക്കെതിരെ തൃക്കാക്കര പൊലീസും കടവന്ത്ര സ്വദേശിനിയിൽ 80 ലക്ഷം തട്ടിയ കേസിൽ കടവന്ത്ര പൊലീസും കേസെടുത്തിട്ടുണ്ട്.
തൃക്കാക്കരയിൽ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 141 പരാതികളിൽ പതിനൊന്ന് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾ135 കോടി കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നൽകിയ പരാതിയിൽ പറയുന്നത്. എബിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിപ്പിക്കും. രാവിലെ മാസ്റ്റേഴ്സ് ഗ്രൂപ്പിന്റെ ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം കോടതിയിൽ ഉച്ചക്കുശേഷം ഹാജരാക്കും.
എബിൻ വർഗീസ് കാസിനോയിൽ ചെലവഴിച്ചത് കോടികൾ ഓഹരി നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതി എബിൻ വർഗീസ് കാസിനോയിൽ ചെലവഴിച്ചത് കോടികൾ. ദിവസം ഇരുപതുലക്ഷംമുതൽ നാല്പതുലക്ഷം വരെ ചെലവഴിച്ചതിന്റെ രേഖകൾ അന്വേഷണസംഘത്തിന് ലഭിച്ചു. എത്രകോടി ചൂതാട്ടത്തിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന കാര്യം അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. എബിനുമായി ഇന്നലെ അന്വേഷണസംഘം ആലിൻചുവടുള്ള സ്വകാര്യബാങ്കിലും തൃക്കാക്കരയിലുള്ള ആഡംബര ഫ്ളാറ്റിലെത്തിച്ചും തെളിവെടുപ്പ് നടത്തി.
ആഡംബര ഫ്ളാറ്റ് വാങ്ങുന്നത് 2018ൽ
2018 ലാണ് എബിൻ വർഗീസിന്റെ പേരിൽ തൃക്കാക്കര ക്ഷേത്രത്തിന് സമീപത്തെ 3.8 കോടി വിലവരുന്ന ഗ്രാൻഡ് വില്ലയിലെ 6 സി , 7 സി ഫ്ളാറ്റുകൾ വാങ്ങുന്നത്. കഴിഞ്ഞ നവംബറിൽ ആഡംബരഫ്ളാറ്റ് ഭാര്യ ശ്രീരഞ്ജിനിയുടെ പേരിലേക്ക് മാറ്റിയതായി കണ്ടെത്തി. ഈ ഫ്ലാറ്റ് പണം നഷ്ടപ്പെട്ടവരിൽ ചിലർ അറ്റാച്ച് ചെയ്തിട്ടുണ്ട്.