നിരോധനം റദ്ദാക്കൽ: സ്വാഗതം ചെയ്ത് ബാഗ് നിർമ്മാതാക്കൾ
Wednesday 11 January 2023 1:52 PM IST
കൊച്ചി: സംസ്ഥാനത്ത് 60 ജി.എസ്.എന്നിന് മുകളിലുള്ള നോൺ വൂവൺ ബാഗുകളുടെ നിരോധനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ഹർജി ഫയൽ ചെയ്ത മലയാളി നോൺ വൂവൺ ബാഗ് മാനുഫാക്‌ചേറേഴ്‌സ് അസോസിയേഷൻ സ്വാഗതം ചെയ്തു. വ്യവസായ സംരംഭകർക്ക് വിധി ഊർജ്ജം പകരുമെന്ന് അസോസിയേഷൻ പ്രസിഡന്റ് നിബു കാസിം അറിയിച്ചു.
നിരോധിച്ച ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പട്ടികയിൽ 'നോൺ വൂവൺ ബാഗ് ' ഉൾപ്പെടുത്തിയതിനെയാണ് സംഘടന ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്. കേന്ദ്ര നിയമം നിലനിൽക്കെ സംസ്ഥാന സർക്കാർ നിരോധനത്തിനു പ്രസക്തിയില്ലെന്ന സംഘടനയുടെ വാദം അംഗീകരിച്ചാണ് ഉത്തരവ്. 60 ജി.എസ്.എമ്മിനു താഴെയുള്ള ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കാരി ബാഗുകളുടെ നിരോധനം തുടരും.