സപ്ലൈകോ സബ്‌സിഡി; ഇന്നുമുതൽ വേണം ബാർകോഡ് സ്കാനിംഗ്

Wednesday 11 January 2023 1:52 PM IST

കൊച്ചി: സപ്ലൈകോ ഹൈപ്പർമാർക്കറ്റുകളിലും പീപ്പിൾസ് ബസാറുകളിലും സബ്സിഡി സാധനങ്ങൾ വാങ്ങുന്നതിന് റേഷൻ കാർഡിലെ ബാർകോഡ് സ്‌കാൻ ചെയ്യുന്നത് ഇന്നുമുതൽ നിർബന്ധമാക്കി. ബില്ലടിക്കുന്നതിന് റേഷൻ കാർഡ് നമ്പറിന് പകരമാണ് ബാർകോഡ് സ്‌കാൻ ചെയ്യുക. ഉടമ അറിയാതെ കാർഡ് നമ്പി​ന്റെ ദുരുപയോഗം തടയുകയാണ് ലക്ഷ്യം.

കാർഡ് നമ്പർ ടൈപ്പ് ചെയ്യുന്നതിന് പകരം ബാർകോഡ് സ്‌കാനർ ചെയ്ത് മാത്രം ബില്ലടിക്കണമെന്ന് വില്പനശാലാ മാനേജർമാർക്ക് സപ്ലൈകോ നിർദേശം നൽകി. ബാർകോഡ് സ്‌കാനർ ഉപയോഗിച്ച് നമ്പർ എന്റർ ചെയ്യുമ്പോൾ തെറ്റുകൾ വരാനുള്ള സാദ്ധ്യത കുറയും.

റേഷൻ കാർഡോ മൊബൈൽ ഫോണിലെ ഡിജിലോക്കറിൽ സൂക്ഷിക്കുന്ന റേഷൻ കാർഡോ സബ്‌സിഡി സാധനങ്ങൾ വാങ്ങാൻ ഇന്നു മുതൽ ഉപഭോക്താക്കൾ ഹാജരാക്കണമെന്ന് സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സഞ്ജീബ് പട്‌ജോഷി അറിയിച്ചു.

ഉപഭോക്താക്കളുടെ അറിവോ സമ്മതമോയില്ലാതെ റേഷൻ കാർഡ് നമ്പർ എന്റർ ചെയ്ത് സബ്‌സിഡി ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ബാർകോഡ് സ്‌കാൻ ചെയ്യുന്നത്.

.....................................................................

സൂപ്പർ മാർക്കറ്റുകളിലേയ്ക്കും മാവേലി സൂപ്പർ സ്റ്റോറുകളിലേയ്ക്കും എത്തും

സപ്ലൈകോയിലൂടെ 13 ഇനം സാധനങ്ങളാണ് സബ്‌സിഡി നിരക്കിൽ വിൽക്കുന്നത്. റേഷൻ കാർഡുകൾ പുസ്തകരൂപത്തിൽ മാത്രമായിരുന്നപ്പോൾ സബ്‌സിഡി വിതരണം സപ്ലൈകോ വില്പനശാലകളിൽ റേഷൻ കാർഡുകളിൽ രേഖപ്പെടുത്തിയിരുന്നു. പൊതുവിതരണ വകുപ്പിൽ നിന്ന് അനുവദിക്കുന്ന റേഷൻ കാർഡുകൾ ലാമിനേറ്റഡ് കാർഡ് രൂപത്തിലായതിനാൽ സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നത് കാർഡിൽ രേഖപ്പെടുത്താൻ കഴിയില്ല. ഇത് പരാതികൾക്കും തർക്കങ്ങൾക്കും ഇടയാക്കിയിരുന്നു. പരാതികൾ ഒഴിവാക്കാൻ കാർഡ് സ്‌കാൻ ചെയ്യുന്നതിലൂടെ കഴിയും. സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും മാവേലി സൂപ്പർ സ്റ്റോറുകളിലും സംവിധാനം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

...............................................

റേഷൻ കാർഡോ മൊബൈൽ ഫോണിലെ ഡിജിലോക്കറിൽ സൂക്ഷിക്കുന്ന റേഷൻ കാർഡോ ഇന്നു മുതൽ ഹാജരാക്കണം.

ഡോ. സഞ്ജീബ് പട്‌ജോഷി,

സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ