കുർബാനത്തർക്കം: സിനഡ് കമ്മിഷൻ ചർച്ച തുടങ്ങി

Wednesday 11 January 2023 12:00 AM IST

കൊച്ചി: പരിഷ്‌കരിച്ച കുർബാനക്രമം നടപ്പാക്കുന്നത് സംബന്ധിച്ച എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കങ്ങൾ പരിഹരിക്കാൻ സിറോ മലബാർ സഭാ സിനഡ് നിയോഗിച്ച ബിഷപ്പുമാരുടെ കമ്മിഷൻ ചർച്ചകൾ ആരംഭിച്ചു. രണ്ടുമാസം മുമ്പ് നിയോഗിച്ച കമ്മിഷനിൽ ബിഷപ്പുമാരായ ജോസഫ് പാംബ്ലാനി, മാത്യു മൂലക്കാട്ട്, ജോസ് ചിറ്റൂപ്പറമ്പൻ എന്നിവർക്ക് പുറമെ കുര്യാക്കോസ് ഭരണിക്കുളങ്ങര, ജോർജ് മഠത്തിക്കണ്ടത്തിൽ എന്നിവരെക്കൂടി ഉൾപ്പെടുത്തി.

പാലാരിവട്ടം പി.ഒ.സിയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് ആറു വരെ ബിഷപ്പുമാർ വൈദികരും വിശ്വാസികളുമായി ചർച്ച നടത്തി. ചർച്ചയുടെ വിവരങ്ങൾ ഇന്ന് സിനഡിൽ അറിയിക്കുമെന്നാണ് വിവരം.