സാങ്കേതിക കലാശാല പിൻവാതിൽ വിജ്ഞാപനം: രജിസ്ട്രാറോട് വി.സി വിശദീകരണം തേടി

Wednesday 11 January 2023 12:53 AM IST

ഇന്ന് സിൻഡിക്കേറ്റ് യോഗം

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ പിൻവാതിൽ നിയമനത്തിന് വിജ്ഞാപനമിറക്കിയ രജിസ്ട്രാർ ഡോ.എ.പ്രവീണിനോട് വൈസ്ചാൻസലർ പ്രൊഫ. സിസാതോമസ് വിശദീകരണം തേടി. ഈ വിജ്ഞാപനം റദ്ദാക്കിയ ഗവർണർ, ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ വിവരം കൈമാറാൻ വി.സിക്ക് നിർദ്ദേശം നൽകിയിരുന്നു. വൈസ്ചാൻസലർ അറിയാതെയിറക്കിയ വിജ്ഞാപനം സംബന്ധിച്ച് വിവരം തേടിയിട്ടും രജിസ്ട്രാർ അടക്കമുള്ള ഉദ്യോഗസ്ഥർ നൽകിയില്ല. ഇതോടെയാണ് രജിസ്ട്രാറോട് വി.സി വിശദീകരണം തേടിയത്. സാങ്കേതിക സർവകലാശാലയിലെ പിൻവാതിൽ നിയമനമേള 'കേരളകൗമുദി"യാണ് പുറത്തു കൊണ്ടുവന്നത്.

ചട്ടപ്രകാരം വൈസ്ചാൻസലറുടെ അനുമതിയില്ലാതെ നിയമനത്തിന് വിജ്ഞാപനമിറക്കാനാവില്ല. മുൻ വി.സിയുടെ അനുമതിയോടെയാണ് വിജ്ഞാപനമിറക്കിയതെന്ന് രജിസ്ട്രാർ വിശദീകരിച്ചെങ്കിലും ഇതിനുള്ള രേഖകൾ ഉണ്ടായിരുന്നില്ല. മുൻ വി.സി ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. ക്രമവിരുദ്ധമായ നിയമനങ്ങൾ നടന്നതായി സ്ഥിരീകരിച്ച വൈസ്ചാൻസലർ, സിസാതോമസ്,​ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് വിജ്ഞാപനമിറക്കിയതെന്ന് ഗവർണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. വൈസ്ചാൻസലറായിരുന്ന ഡോ. എം.എസ്. രാജശ്രീ കരാർ നിയമനത്തിന് വിജ്ഞാപനമിറക്കാൻ അനുമതി നൽകിയിരുന്നില്ല. കഴിഞ്ഞ നവംബർ നാലിനാണ് പ്രൊഫ. സിസാതോമസ് വി.സിയായി ചുമതലയേറ്റത്. 8ന് രജിസ്ട്രാർ നിയമന വിജ്ഞാപനമിറക്കി.

ഗവർണറുടെ നടപടിയെ വിമർശിച്ചും മുൻ വി.സിയുടെ അറിവോടെയാണ് വിജ്ഞാപനമിറക്കിയതെന്നും സിൻഡിക്കേറ്റിന്റേതെന്ന പേരിലുള്ള വാർത്താക്കുറിപ്പിറക്കിയ പബ്ലിക് റിലേഷൻസ് ഓഫീസറോടും വി.സി വിശദീകരണം തേടി. വിസിയുടെ അനുമതിയില്ലാതെ വാർത്താക്കുറിപ്പ് തയ്യാറാക്കരുതെന്ന നിർദ്ദേശം ലംഘിച്ചതിനാലാണിത്. വിജ്ഞാപനം റദ്ദാക്കിയതടക്കം ചർച്ച ചെയ്യാൻ ഇന്ന് (11ന്) സിൻഡിക്കേറ്റ് യോഗം ചേരുന്നുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വിദഗ്ദ്ധർ മാത്രമുണ്ടായിരുന്ന സിൻഡിക്കേറ്റിൽ നിയമഭേദഗതിയിലൂടെ അടുത്തിടെയാണ് രാഷ്ട്രീയക്കാ‌ർക്ക് പ്രാതിനിധ്യം നൽകിയത്. ഐ.ബി. സതീഷ് എം.എൽ.എ, മുൻ എം. പി പി.കെ. ബിജു എന്നിവർ ഇങ്ങനെ സിൻഡിക്കേറ്റിലെത്തി.