കരാർ ജീവനക്കാരെ പിരിച്ചു വിടുന്നതിന് നോട്ടീസ് നൽകണം

Wednesday 11 January 2023 12:05 AM IST

കൊച്ചി: കരാർ ജീവനക്കാരാണെങ്കിലും പിരിച്ചു വിടുന്നതിന് മുമ്പ് കാരണം വ്യക്തമാക്കി നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. മാനന്തവാടി നഗരസഭയിലെ ആയുഷ് എൻ.എച്ച്.എം ഹോമിയോ ഡിസ്‌പെൻസറിയിലെ രണ്ടു പാർട്ട് ടൈം ജീവനക്കാരെ സേവനം തൃപ്തികരമല്ലെന്ന കാരണത്താൽ പിരിച്ചു വിട്ട നടപടി റദ്ദാക്കി ജസ്റ്റിസ് അനു ശിവരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കാരണം കാണിക്കൽ നോട്ടീസ് നൽകാതെയും എന്തെങ്കിലും കണ്ടെത്തൽ നടത്താതെയുമാണ് തങ്ങളെ പിരിച്ചു വിട്ടതെന്നും ,നിയമവിരുദ്ധമായ നടപടി റദ്ദാക്കി തുടരാൻ അനുവദിക്കണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്.

ഇവർക്ക് സർവീസിൽ സ്ഥിരമായി തുടരാൻ അവകാശമില്ലെന്നും കൃത്യമായ നടപടിക്രമങ്ങളിലൂടെയല്ല നിയമനമെന്നും നഗരസഭ വാദിച്ചു.പിരിച്ചുവിടൽ റദ്ദാക്കിയതിനാൽ ഹർജിക്കാർക്ക് തുടരാമെങ്കിലും നിയമാനുസൃതം നോട്ടീസ് നൽകി കാരണങ്ങൾ വ്യക്തമാക്കി നഗരസഭയ്ക്ക് ഇനിയും നടപടി സ്വീകരിക്കാനാവുമെന്ന് വിധിയിൽ പറയുന്നു.