ആശ്രിത നിയമനം,നാലാം ശനി അവധി: തീരുമാനമായില്ല

Wednesday 11 January 2023 12:00 AM IST

തിരുവനന്തപുരം: ആശ്രിത നിയമനം പരിമിതപ്പെടുത്തലും, നാലാം ശനി അവധിയാക്കുന്നതും ചർച്ച ചെയ്യാനായി ചീഫ് സെക്രട്ടറി വി.പി.ജോയ് വിളിച്ച യോഗത്തിൽ തീരുമാനമായില്ല. ഇനി മുഖ്യമന്ത്രി ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

ആശ്രിത നിയമനം അഞ്ച് ശതമാനത്തിൽ കൂടരുതെന്ന ഹൈക്കോടതി വിധി നടപ്പാക്കാൻ ബാദ്ധ്യതയുണ്ടെന്ന് ചീഫ് സെക്രട്ടറി യോഗത്തിൽ പറഞ്ഞു. ഒരു വർഷത്തിനകം ആശ്രിത നിയമനം നേടിയിരിക്കണമെന്നും, അല്ലെങ്കിൽ 10 ലക്ഷം രൂപ ഒറ്റത്തവണ നഷ്ടപരിഹാരമായി വാങ്ങാമെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ, നിലവിലെ രീതിയിൽ ഒരു മാറ്റവും വരുത്തരുതെന്നായിരുന്നു സംഘടനകളുടെ നിലപാട്. ആശ്രിത നിയമനത്തിന് ഏകീകൃത സംവിധാനം വേണം. നിലവിൽ എൽ.ഡി ക്ളാർക്ക് അടക്കം 12 തസ്തികകളാണ് ആശ്രിത നിയമത്തിനുള്ളത്. കൂടുതൽ തസ്തികകൾ ഉൾപ്പെടുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

നാലാം ശനി അവധിയാക്കുന്നതിനെ ഭരണപക്ഷ സംഘടനകൾ എതിർത്തു. ശനിയാഴ്ചകളിലും പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭിക്കാനുള്ള അവകാശമുണ്ടെന്ന് അവർ വ്യക്തമാക്കി. നാലാം ശനി അവധിയാക്കിയാൽ എല്ലാ ദിവസവും 15 മിനിട്ട് അധികം ജോലി ചെയ്യണമെന്നും, കാഷ്വൽ ലീവ് 20ൽ നിന്ന് 15 ആയി കുറയ്ക്കുമെന്നുമുള്ള സർക്കാരിന്റെ നിലപാട് പ്രതിപക്ഷ സംഘടനകൾക്ക് സ്വീകാര്യമായില്ല. പഞ്ചദിന പ്രവൃത്തി വാരം നടപ്പാക്കി പ്രവൃത്തി സമയത്തിൽ വർദ്ധന വരുത്തുന്ന കാര്യത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന്‌ സെക്രട്ടേറിയറ്റ് അസോസിയേഷൻ അറിയിച്ചു. സംഘടനകളുടെ നിർദ്ദേശങ്ങളോട് ചീഫ് സെക്രട്ടറി പ്രതികരിച്ചില്ല. എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി എം.എ.അജിത് കുമാർ,​ സെറ്റോ ചെയർമാൻ ചവറ ജയകുമാർ,​ ഫെറ്റോ ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ എന്നിവരടക്കം 40 സംഘടനകളിലെ പ്രതിനിധികളാണ് ഓൺലൈൻ യോഗത്തിൽ പങ്കെടുത്തത്.

Advertisement
Advertisement