അഡാറ് ,വിരാട് ; വിജയം

Tuesday 10 January 2023 11:23 PM IST

വിരാട് കൊഹ്‌ലിക്ക് റെക്കാഡ് സെഞ്ച്വറി

ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 67 റൺ​സ് വിജയം

ഗോഹട്ടി : ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി മിന്നിത്തിളങ്ങിയ മുൻനായകൻ വിരാട് കൊഹ്‌ലിയും (113)അർദ്ധസെഞ്ച്വറികൾ നേടിയ നായകൻ രോഹിത് ശർമ്മയും(83),ഓപ്പണർ ശുഭ്മാൻ ഗില്ലും (70) കൃത്യതയോടെ പന്തെറിഞ്ഞ ബൗളർമാരും ചേർന്ന് ഇന്ത്യയെ 67 റൺസ് വിജയത്തിലേക്ക് നയിച്ചു

ഇന്നലെ ഗോഹട്ടിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി 373/7 എന്ന കൂറ്റൻ സ്കോർ ഉയർത്തിയ ഇന്ത്യയ്ക്കെതിരെ ലങ്ക 306/8 എന്ന സ്കോറി​ൽ അവസാനി​ക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമ്രാൻ മാലിക്കും രണ്ട് വിക്കറ്റ് വീഴ്ത്തിയ സിറാജും ഒരോ വിക്കറ്റുമായി ഷമിയും ചഹലും ഹാർദിക് പാണ്ഡ്യയും ഇന്ത്യൻ ബൗളിംഗിൽ തിളങ്ങിയപ്പോൾ സെഞ്ച്വറി നേടിയ നായകൻ ഷനകയും (108*) അർദ്ധസെഞ്ച്വറി നേടിയ (72) പാത്തും നിസംഗയുമാണ് ലങ്കൻ നിരയിൽ പൊരുതിയത്. ഇതോടെ മൂന്ന് മത്സര പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.രണ്ടാം ഏകദിനം നാളെ കൊൽക്കത്തയിലും മൂന്നാം ഏകദിനം 15ന് കാര്യവട്ടത്തും നടക്കും.

ഇന്ത്യൻ മണ്ണിലെ തന്റെ 20-ാം സെഞ്ച്വറി നേടി സച്ചിന്റെ റെക്കാഡിനൊപ്പമെത്തുകയും ലങ്കയ്ക്കെതിരെ എട്ട് സെഞ്ച്വറികൾ എന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കാഡ് തകർക്കുകയും ചെയ്ത വിരാട് കൊഹ്‌ലിയുടെ പുതുവർഷത്തിലെ തകർപ്പൻ സെഞ്ച്വറിയായിരുന്നു ഇന്നലത്തെ ഇന്ത്യയുടെ സ്ട്രൈക്കിംഗ് പോയിന്റ് .87 പന്തുകൾ നേരിട്ട് 12 ബൗണ്ടറികളും ഒരു സിക്സും പായിച്ച് 113 റൺസിലെത്തിയ വിരാട് തന്റെ കരിയറിലെ 45-ാമത് ഏകദിന സെഞ്ച്വറിയാണ് നേടിയത്.

ടോസ് നഷ്ടപ്പെട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് രോഹിതും ശുഭ്മാനും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. 19.4-ാം ഓവർ വരെ ക്രീസിൽ നിന്ന ഇവർ 143 റൺസാണ് ഓപ്പണിംഗിൽ കൂട്ടിച്ചേർത്തത്. രോഹിതും ശുഭ്മാനും ചേർന്ന് തകർത്തടിച്ചുതുടങ്ങിയപ്പോൾ തന്നെ ഇന്ത്യ കൂറ്റൻ സ്കോർ പ്രതീക്ഷിച്ചിരുന്നു. 60 പന്തുകളിൽ 11 ഫോറടക്കം 70 റൺസ് നേടിയ ഗില്ലിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്‌ടമായത്. എന്നാൽ അതൊരു നഷ്ടമേ ആയിരുന്നില്ലെന്ന് പിന്നാലെവന്ന വിരാട് തെളിയിച്ചു. ഒപ്പമുണ്ടായിരുന്നവർ പലപ്പോഴായി കൂടാരം കയറിയിട്ടും 49-ാം ഓവർ വരെ ക്രീസിൽ നിന്ന വിരാട് ഏകദിനത്തിലെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണ് നേടിയത്. കഴിഞ്ഞ മാസം ബംഗ്ളാദേശിനെതിരെ നടന്ന ഏകദിനത്തിലായിരുന്നു ഇതിനുമുമ്പുള്ള സെഞ്ച്വറി.

67 പന്തുകളിൽ ഒൻപത് ഫോറും മൂന്ന് സിക്സുകളും പായിച്ച രോഹിത് ശർമ്മ24-ാം ഓവറിൽ മധുശങ്കയുടെ പന്തിൽ ബൗൾഡായി കൂടാരം കയറുമ്പോൾ ഇന്ത്യ 173/2 എന്ന സ്കോറിലെത്തിയിരുന്നു. തുടർന്നിറങ്ങിയ ശ്രേയസ് അയ്യർ 28 റൺസെ‌ടുത്ത് 30-ാം ഓവറിൽ മടങ്ങുമ്പോൾ ഇന്ത്യ 213ലെത്തി. തുടർന്ന് കെ.എൽ രാഹുലും (39)വിരാടും ചേർന്ന് 41-ാം ഓവറിൽ 300 ക‌ടത്തി.ഹാർദിക് പാണ്ഡ്യ 14 റൺസുമായി മടങ്ങിയപ്പോൾ അക്ഷർ പട്ടേലിനെ (9)ഒപ്പം നിറുത്തിയാണ് വിരാട് മൂന്നക്കം തികച്ചത്. 80 പന്തുകളാണ് വിരാടിന് ഇതിനായി വേണ്ടിവന്നത്. 48-ാം ഓവറിലാണ് അക്ഷർ പുറത്തായത്. അടുത്ത ഓവറിൽ കാസുൻ രജിതയുടെ പന്തിൽ കീപ്പർ ക്യാച്ച് നൽകി വി‌രാടും മടങ്ങി. ഷമിയും സിറാജും ചേർന്നാണ് 373ലെത്തിച്ചത്.

മറുപടിക്കിറങ്ങിയ ലങ്കയ്ക്ക് ഓപ്പണർ പാത്തും നിസംഗ (72) ഒരറ്റത്ത് പൊരുതിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ ആധിപത്യം പുലർത്തി. നാലാം ഓവറിൽ അവിഷ്ക ഫെർണാണ്ടോയെയും(5) ആറാം ഓവറിൽ കുശാൽ മെൻഡിസിനെയും (0) കൂടാരം കയറ്റി സിറാജാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് സമ്മാനിച്ചത്. തുടർന്നിറങ്ങിയ ചരിത്ത് അസലങ്കയെ (23 ) 14-ാം ഓവറിൽ ഉമ്രാൻ മാലിക്ക് മടക്കി അയച്ചു.40 പന്തുകളിൽ 47 റൺസുമായി നിസംഗയ്ക്ക് പിന്തുണ നൽകിയ ധനഞ്ജയ ഡിസിൽവ 25-ാം ഓവറിൽ ഷമിക്ക് ഇരയാകുമ്പോൾ ലങ്ക 161/5 എന്ന നിലയിലെത്തിയിരുന്നു. 30-ാം ഓവറിൽ ഉമ്രാൻ മാലിക്ക് നിസംഗയുടെ പോരാട്ടവും അവസാനിപ്പിച്ചു. 80 പന്തുകളിൽ 11 ഫോറടക്കം 72 റൺസ് നേടിയ നിസംഗയെ അക്ഷർ പട്ടേലാണ് പിടികൂടിയത്. തുടർന്നായിരുന്നു അവസാന ഓവർ വരെ പിടിച്ചുനിന്ന ഷനകയുടെ സെഞ്ച്വറി.