ഇലഞ്ഞിത്തറ മേളം: പെരുവനത്തെ മാറ്റി

Wednesday 11 January 2023 12:39 AM IST

തൃശൂർ : ഇലഞ്ഞിത്തറ മേളത്തിൽ പങ്കെടുത്ത് പ്രമാണ പദവിയിൽ 25ാം വർഷം തികയ്ക്കാനിരിക്കെ, തൃശൂർ പൂരം ഇലഞ്ഞിത്തറ മേളത്തിൽ നിന്ന് പെരുവനം കുട്ടൻ മാരാരെ നീക്കി. കിഴക്കൂട്ട് അനിയൻമാരാർ പുതിയ മേള പ്രമാണിയാകും. പാറമേക്കാവ് ദേവസ്വം ഭരണസമിതിയാണ് തീരുമാനമെടുത്തത്.

പെരുവനം കുട്ടൻ മാരാരും പാറമേക്കാവുമായി കുറച്ചുനാളായി പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പാറമേക്കാവ് വേലയ്ക്കിടെ തന്റെ ബന്ധുക്കളെ മുൻനിരയിൽ നിറുത്തിയതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. കൊട്ടുന്നതിനിടെ ചെണ്ട നിലത്ത് വച്ചതും വേലയുടെ സമയക്രമം പാലിക്കാതിരുന്നതു സംബന്ധിച്ചും തർക്കമുണ്ടായി. ഇതോടെയാണ് ഭരണസമിതി യോഗം കുട്ടൻ മാരാരെ മാറ്റാൻ തീരുമാനിച്ചത്. ഒരു വ്യാഴവട്ടക്കാലമായി തിരുവമ്പാടിയുടെ മേളപ്രമാണിയായ കിഴക്കൂട്ട് അനിയൻമാരാരുടെ ആദ്യ നിയോഗമാകും ഇലഞ്ഞിത്തറയിലേത്. വർഷങ്ങളായി ഇലഞ്ഞിത്തറ മേളത്തിന് മുൻനിരയിൽ കിഴക്കൂട്ട് ഉണ്ടായിരുന്നെങ്കിലും പ്രമാണപദവി ലഭിച്ചിരുന്നില്ല. കിഴക്കൂട്ട് പാറമേക്കാവ് വിഭാഗത്തിലേക്ക് മാറിയതോടെ തിരുവമ്പാടി വിഭാഗത്തിന് പുതിയ മേളപ്രമാണിയെ കണ്ടെത്തേണ്ടിവരും. ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ, ചെറുശേരി കുട്ടൻ മാരാർ എന്നിവരിൽ ഒരാളായേക്കും പ്രമാണിയെന്നാണ് സൂചന.